സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല പരീക്ഷകളും മാറ്റിവച്ചു. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലും പൊതു പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. വെള്ളക്കെട്ട് കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മലപ്പുറം കളക്ടർ പറഞ്ഞു. തിരുവനന്തപുരത്ത് തീരദേശ മലയോര മേഖലകളിൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലയിൽ മഴ കനക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പിന്നീട് 12ന് മഴ ശക്തി പ്രാപിക്കും. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയാണ് ലഭിച്ചത്. ഡാമുകളിലും നദികളിലും നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. പമ്പ മണിമലയാർ മീനച്ചിലാർ തുടങ്ങിയ നദികൾക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പർ കുട്ടനാട് മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരദേശത്ത് ശക്തമായ കടൽക്ഷോഭം ഉണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരത്ത് മുന്നറിയിപ്പില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കം രൂക്ഷം. കുട്ടനാട്ടിൽ വാട്ടർ ആംബുലൻസുകൾ പ്രവർത്തനം ആരംഭിച്ചു. വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...