ഇത്തവണത്തെ തിരുവാതിര വ്രതം എടുക്കുന്നത് ഉത്തമം

തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്‍റെ അനുഗ്രഹത്തിനാണ് വ്രതം അനുഷ്ഠിക്കുന്നത്.  എല്ലാ മാസവും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് വളരെ പ്രധാന്യമുണ്ട്.                                                                                                     

Written by - Ajitha Kumari | Last Updated : Dec 28, 2020, 04:27 PM IST
  • വിവാഹിതര്‍ ദീർഘമംഗല്യത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.
  • തിരുവാതിര ദിവസം ശിവപാര്‍വതി സങ്കല്‍പ്പത്തിലുള്ള പ്രാര്‍ഥനയാണ് വേണ്ടത്.
  • തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവര്‍ ഡിസംബര്‍ 29 വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം.
ഇത്തവണത്തെ തിരുവാതിര വ്രതം എടുക്കുന്നത് ഉത്തമം

മഹാദേവന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര (Thiruvathira). തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്‍റെ അനുഗ്രഹത്തിനാണ് വ്രതം അനുഷ്ഠിക്കുന്നത്.  എല്ലാ മാസവും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് വളരെ പ്രധാന്യമുണ്ട്.

വിവാഹിതര്‍ ദീർഘമംഗല്യത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം (Thiruvathira Fast) അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകത കൂടി ഈ വ്രതത്തിനുണ്ട്. ദാമ്പത്യഭദ്രതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര വ്രതം. 

തിരുവാതിര ദിവസം ശിവപാര്‍വതി സങ്കല്‍പ്പത്തിലുള്ള പ്രാര്‍ഥനയാണ് വേണ്ടത്. കന്യകമാരും സുമംഗലികളുമാണ് വ്രതം എടുക്കുന്നത്. മകയിരം നാള്‍ മുതല്‍ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 28 അതായത് മലയാള മാസമായ ധനു 13 ന് വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 വൈകുന്നേരം 7 മണി വരെയാണ് വ്രതം ആചരിക്കേണ്ടത്.  

Also Read: നവഗ്രഹ സ്തോത്രം ദിവസവും ചൊല്ലു ഫലം ഉണ്ടാകും

ഇനി തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവര്‍ ഡിസംബര്‍ 29 വൈകുന്നേരം മുതല്‍ ഡിസംബര്‍ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കല്‍ ഡിസംബര്‍ 29 രാത്രിയാണ് ആചരിക്കേണ്ടത്. 

വിവാഹിതകള്‍ ഭര്‍ത്താവിന്റെ ക്ഷേമത്തിനും യശസിനും ദീര്‍ഘമംഗല്യത്തിനും വേണ്ടിയാണ് ഈ വ്രതം നോല്‍ക്കുന്നത് അതുപോലെ കന്യകമാര്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാനും ഉത്തമ ദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.  ഇത് കൂടാതെ ഭര്‍ത്താവിന്റെ ദു:ശീലങ്ങള്‍ മാറാനും, ദാമ്പത്യ ഭദ്രതയ്ക്കും പ്രണയിക്കുന്നവര്‍ക്ക് പ്രണയ സാഫല്യത്തിനും, മനപ്പൊരുത്തം, ഇഷ്ട ജനവശ്യത എന്നിവയ്ക്കും ധനുമാസത്തിലെ തിരുവാതിര വ്രതം ഉത്തമമാണ്.  

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതത്തെ പൂത്തിരുവാതിര (Poothiruvathira) എന്നും വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതത്തെ പുത്തൻതിരുവാതിര (Puthan Thiruvathira) എന്നുമാണ് അറിയപ്പെടുന്നത്. മഹാദേവന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ  ദേവിയായിരുന്നു. മാത്രമല്ല ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നതും തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്.

Also Read: ഈ മന്ത്രം ചൊല്ലിക്കൊള്ളു.. ജാതകത്തിലെ ഭാഗ്യദോഷം മാറും

അതുകൊണ്ടുതന്നെ ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.  മകയിരം, തിരുവാതിര എന്നീ രണ്ടു ദിവസങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരത്തിന്‍റെ അന്ന് വ്രതമെടുക്കുന്നത് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നോയമ്പും ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. ഈ ദിനത്തിൽ  എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് പറയുന്നത്. 

കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്, കരിമ്പും മറ്റും  ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. പ്രസാദം ആദ്യം ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭക്ഷിക്കാം.

തിരുവാതിര വ്രതമെടുക്കുന്നവര്‍ ആഹാരം പൂര്‍ണ്ണമായി ഒഴിവാക്കുന്നത് ഉത്തമം.  തിരുവാതിര നക്ഷത്രം (Thiruvathira Nakshthram) ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം. വ്രതമെടുക്കുന്നവര്‍ സന്ധ്യക്ക് മുമ്പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി, സിന്ദൂരം ചാര്‍ത്തി തലയില്‍ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം. ശേഷം നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില, അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നിവരെ പ്രാര്‍ത്ഥിക്കണം ഉറക്കമിളക്കുന്നവര്‍ ഉറങ്ങാതെ തിരുവാതിര കളി, ഭജന, പുരാണ പാരായണം ഇവയില്‍ മുഴുകണം.  

ഈ സമയം ഓം നമഃശിവായ (Om Namashivaya) എന്ന ശിവ പഞ്ചാക്ഷരി മന്ത്രമോ ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രമോ ജപിക്കുന്നത് വളരെ ഉത്തമം. വ്രത ദിവസം പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിയ്ക്ക് ഉത്തമമാണ്. കൂടാതെ അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമമാണ്.  

Also Read: പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

ഭാര്യാഭർതൃ ഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് ഓം നമഃ ശിവായ ശിവായ നമഃ എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കുന്നതും നല്ലതാണ്.

തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ആർപ്പും കുരവയും പാട്ടുമൊക്കെയായിട്ടാണ് പതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോൾ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്.

തിരികെയെത്തി എല്ലാരും പാതിരാപ്പൂവ് ചൂടി, ഇളനീർ കുടിച്ചു, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി പിരിയും. ശേഷം സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തിൽ അതിപുലർച്ചെയുള്ള ആർദ്രാദർശനത്തിന് എത്തണം.  ദര്‍ശനം കഴിയുന്നതോടെ ധനുമാസ തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള സമയം ഉറങ്ങാതെ ശിവഭജനം നടത്തണം ശേഷം ഭക്ഷണം കഴിക്കുകയും സന്ധ്യാവന്ദനം നടത്തിയ ശേഷം വ്രതമനുഷ്ഠിച്ചവര്‍ക്ക് ഉറങ്ങാവുന്നതാണ്.

Trending News