Ramayana Masam 2021: രാമായണം പതിനേഴാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.   

Written by - Ajitha Kumari | Last Updated : Aug 2, 2021, 09:03 AM IST
  • രാമായണം പാരായണം പതിനേഴാം ദിനം
  • ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ
Ramayana Masam 2021: രാമായണം പതിനേഴാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read: Horoscope 02 August 2021: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഈ തെറ്റ് ചെയ്യരുത് വലിയ നഷ്ടം ഉണ്ടാകും

പതിനേഴാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

സുഗ്രീവരാജ്യാഭിഷേകം

സുഗ്രീവനോടരുള്‍ചെയ്താനനന്തര-

“മഗ്രജപുത്രനാമംഗദന്‍തന്നെയും

മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ-

പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ”

രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു-

മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍.

സൗമ്യയായുള്ളോരു താരയും പുത്രനും

ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും

പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം

ഭേരീമൃദംഗാദിവാദ്യഘോഷത്തൊടും

ശാസ്‌ത്രോക്തമാര്‍ഗ്ഗേണ കര്‍മ്മം കഴിച്ചഥ

സ്നാത്വാ ജഗാമ രഘൂത്തമസന്നിധൗ

മന്ത്രികളോടും പ്രണമ്യ പാദ‍ാംബുജ-

മന്തര്‍മ്മുദാ പറഞ്ഞാന്‍ കപിപുംഗവന്‍:

“രാജ്യത്തെ രക്ഷിച്ചുകൊള്‍കവേണമിനി

പൂജ്യനാകും നിന്തിരുവടി സാദരം.

ദാസനായുള്ളോരടിയനിനിത്തവ-

ശാസനയും പരിപാലിച്ചു സന്തതം

ദേവദേവേശ! തേ പാദപത്മദ്വയം

സേവിച്ചുകൊള്ളുവാന്‍ ലക്ഷമണനെപ്പോലെ”

സുഗ്രീവവാക്കുകളിത്തരം കേട്ടാട-

നഗ്രേ ചിരിച്ചരുള്‍ചെതു രഘൂത്തമന്‍:

“നീ തന്നെ ഞാനതിനില്ലൊരു സംശയം

പ്രീതനായ്‌പോയാലുമാശു മമാജ്ഞയാ

രാജ്യാധിപത്യം നിനക്കു തന്നേനിനി-

പ്പൂജ്യനായ്ചെന്നഭിഷേകം കഴിക്ക നീ

നൂനമൊരു നഗരം പുകയുമില്ല

ഞാനോ പതിന്നാലു സംവത്സരത്തോളം.

സൗമിത്രി ചെയ്യുമഭിഷേകമാദരാല്‍

സാമര്‍ത്ഥ്യമുള്ള കുമാരനെപ്പിന്നെ നീ

യൗവരാജ്യാര്‍ത്ഥമഭിഷേചയ പ്രഭോ!

സര്‍വമധീനം നിനക്കു രാജ്യം സഖേ!

ബാലിയെപ്പോലെ പരിപാലനം ചെയ്തു

ബാലനേയും പരിപാലിച്ചുകൊള്‍ക നീ

അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-

നദ്യപ്രഭൃതി ചാതുര്‍മ്മാസ്യമാകുലാല്‍

പിന്നെ വരിഷം കഴിഞ്ഞാലനന്തര-

മന്വേഷണാര്‍ത്ഥം പ്രയത്നങ്ങള്‍ ചെയ്ക നീ

തന്വംഗിതാനിരിപ്പേടമറിഞ്ഞു വ-

ന്നെന്നോടു ചൊല്‍കയും വേണം മമ സഖേ!

അത്രനാളും പുരത്തിങ്കല്‍ വസിക്ക നീ

നിത്യസുഖത്തൊടും ദാരാത്മജൈസ്സമം

രാഘവന്‍തന്നോടനുജ്ഞയും കൈക്കൊണ്ടു

വേഗേന സൗമിത്രിയോടു സുഗ്രീവനും

ചെന്നു പുരിപുക്കഭിഷേകവും ചെയ്തു

വന്നിതു രാമാന്തികേ സുമിത്രാത്മജന്‍

സോദരനോടും പ്രവര്‍ഷണാഖ്യേ ഗിരൗ

സാദരം ചെന്നു കരേറീ രഘൂത്തമന്‍.

ഉന്നതമൂര്‍ദ്ധ്വശിഖരം പ്രവേശിച്ചു

നിന്നനേരമൊരു ഗഹ്വരം കാണായി.

സ്ഫാടികദീപ്തി കലര്‍ന്നു വിളങ്ങിന

ഹാടകദേശം മണിപ്രവരോജ്ജ്വലം

വാതവരിഷഹിമാതപവാരണം

പാദപവൃന്ദഫലമൂലസഞ്ചിതം

തത്രൈവ വാസായ രോചയാമാസ സൗ-

മിത്രിണാ ശ്രീരാമഭദ്രന്‍ മനോഹരന്‍

സിദ്ധയോഗീന്ദ്രാദി ഭക്തജനം തദാ

മര്‍ത്ത്യവേഷം പൂണ്ട നാരായണന്‍തന്നെ

പക്ഷിമൃഗാദിരൂപം ധരിച്ചന്വഹം.

പക്ഷിദ്ധ്വജനെബ്ഭജിച്ചു തുടങ്ങിനാര്‍.

Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം

സ്ഥാവരജംഗമജാതികളേവരും

ദേവനെക്കണ്ടു സുഖിച്ചു മരുവിനാര്‍.

രാഘവന്‍ തത്ര സമാധിവിരതനാ-

യേകാന്തദേശേ മരുവും ദശാന്തരേ

ഏകദാ വന്ദിച്ചു സൗമിത്രി സസ്‌പൃഹം

രാഘവനോടു ചോദിച്ചരുളീടിനാന്‍:

“കേള്‍ക്കയിലാഗ്രഹം പാരം ക്രിയാമാര്‍ഗ്ഗ-

മാഖ്യാഹി മോക്ഷപ്രദം ത്രിലോകീപതേ!

വര്‍ണ്ണാശ്രമികള്‍ക്കു മോക്ഷദംപോലതു

വര്‍ണ്ണിച്ചരുള്‍ചെയ്കവേണം ദയാനിധേ!

നാരദവ്യാസവിരിഞ്ചാദികള്‍ സദാ

നാരായണപൂജകൊണ്ടു സാധിക്കുന്നു

നിത്യം പുരുഷാര്‍ത്ഥമെന്നു യോഗീന്ദ്രന്മാര്‍

ഭക്ത്യാ പറയുന്നിതെന്നു കേള്‍പ്പുണ്ടു ഞാന്‍.

ഭക്തനായ്‌ ദാസനായുള്ളോരടിയനു

മുക്തിപ്രദമുപദേശിച്ചരുളേണം

ലോകൈകനാഥ! ഭവാനരുള്‍ചെയ്കിലോ

ലോകോപകാരകമാകയുമുണ്ടല്ലോ.

ലക്ഷ്മണനേവമുണര്‍ത്തിച്ച നേരത്തു

തല്‍ക്ഷണേ ശ്രീരാമദേവനരുള്‍ചെയ്തു:

ക്രിയാമാര്‍ഗ്ഗോപദേശം
“കേള്‍ക്ക നീയെങ്കില്‍ മല്‍പൂജാവിധാനത്തി-

നോര്‍ക്കിലവസാനമില്ലെന്നറിക നീ.

എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു

നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാല്‍.

തന്നുടെ തന്നുടെ ഗൃഹ്യോക്തമാര്‍ഗ്ഗേണ

മന്നിടത്തിങ്കല്‍ ദ്വിജത്യമുണ്ടായ്‌വന്നാല്‍

ആചാര്യനോടു മന്ത്രം കേട്ടു സാദര-

മാചാര്യപൂര്‍വമാരാധിക്ക മാമെടോ.

ഹൃല്‍ക്കമലത്തിങ്കലാകിലുമ‍ാം പുന-

രഗ്നിഭഗവാങ്കലാകിലുമാമെടോ.

മുഖ്യപ്രതിമാദികളിലെന്നാകിലു-

മര്‍ക്കങ്കലാകിലുമപ്പി ങ്കലാകിലും

സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-

മുണ്ടെങ്കിലോ പുനരുത്തമമെത്രയും.

വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങള്‍കൊ-

ണ്ടാദരാല്‍ മൃല്ലേപനാദി വിധിവഴി

കാലേ കളിക്കവേണം ദേഹശുദ്ധയേ.

മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയ‍ാം

നിത്യകര്‍മ്മം ചെയ്തുപിന്നെ സ്വകര്‍മ്മണാ.

ശുദ്ധ്യര്‍ത്ഥമായ്‌ ചെയ്ക സങ്കല്‍പമാദിയെ.

ആചാര്യനായതു ഞാനെന്നു കല്‍പിച്ചു

പൂജിക്ക ഭക്തിയോടെ ദിവസംപ്രതി

സ്നാപനം ചെയ്ക ശിലയ‍ാം പ്രതിമാസു

ശോഭനാര്‍ത്ഥം ചെയ്കവേണം പ്രമാര്‍ജ്ജനം

ഗന്ധപുഷ്പാദ്യങ്ങള്‍കൊണ്ടു പൂജിപ്പവന്‍

ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.

മുഖ്യപ്രതിമാദികളിലലംകാര-

മൊക്കെ പ്രസാദമെനിക്കെന്നറിക നീ

അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര-

ലര്‍ക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ

മുമ്പിലേ സര്‍വ്വപൂജാദ്രവ്യമായവ

സമ്പാദനം ചെയ്തുവേണം തുടങ്ങുവാന്‍

ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും

ഭക്തനായുള്ളവന്‍ തന്നാലതിപ്രിയം

ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-

ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?

വസൃതാജിനകശാദ്യങ്ങളാലാസന-

മുത്തമമായതു കല്‍പിച്ചുകൊള്ളണം

ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു-

ന്നാവിര്‍മ്മുദാ ലിപിന്യാസം കഴിക്കണം

ചെയ്ക തത്വന്യാസവും ചെയ്തു സാദരം

തന്നുട മുമ്പില്‍ വാമേ കലശം വെച്ചു

ദക്ഷിണഭാഗേ കുസുമാദികളെല്ലാ-

മക്ഷതഭക്ത്യൈവ സംഭരിച്ചീടണം

അര്‍ഗ്ഘ്യപാദ്യപ്രദാനാര്‍ത്ഥമായും മധു-

പര്‍ക്കാര്‍ത്ഥമാചമനാര്‍ത്ഥമെന്നിങ്ങനെ

പാത്രചതുഷ്ടയവും വെച്ചുകൊള്ളണം

പേര്‍ത്തു മറ്റൊന്നും നിരൂപണം കൂടാതെ

മല്‍ക്കല‍ാം ജീവസംജ്ഞ‍ാം തടിദുജ്ജ്വല‍ാം

ഹൃല്‍ക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം

പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-

മെന്നുറയ്ക്കേണമിളക്കവും കൂടാതെ

ആവാഹയേല്‍ പ്രതിമാദിഷ്ട മല്‍ക്കല‍ാം

ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം

പാദ്യവുമര്‍ഗ്ഘ്യം തഥാ മധുപര്‍ക്കമി-

ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ:

എത്രയുണ്ടുള്ളതുപചാരമെന്നാല-

തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ

ആഗമോക്തപ്രകാരേണ നീരാജനൈ-

ര്‍ദ്ധൂ പദീപൈര്‍ന്നിവേദ്യൈര്‍ബ്ബഹുവിസ്തരൈ:

ശ്രദ്ധയാ നിത്യമായര്‍ച്ചിച്ചുകൊള്ളുകില്‍

ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.

ഹോമമഗസ്ത്യോക്തമാര്‍ഗ്ഗകുണ്ഡാനലേ?

മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ

ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ

ചിത്തതാരിങ്കല്‍ നിനയ്ക്ക കുമാര! നീ.

ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ

സോപാധിനാ ചെയ്ക ഹോമം മഹാമതേ!

തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം

ദീപ്താഭരണവിഭൂഷിതം കേവലം

മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക

ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമന്‍

പാരിഷദാന‍ാം ബലിദാനവും ചെയ്തു

ഹോമശേഷത്തെ സമാപയന്മന്ത്രവില്‍

ഭക്ത്യാ ജപിച്ചു മ‍ാം ധ്യാനിച്ചു മൗനിയായ്‌

വക്ത്രവാസം നാഗവല്ലീദലാദിയും

ദത്വാ മദഗ്രേ മഹല്‍പ്രീതിപൂര്‍വകം

നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു

പാദ‍ാംബുജേ നമസ്കാരവും ചെയ്തുടന്‍

ചേതസി മാമുറപ്പിച്ചു വിനീതനായ്‌

മദ്ദത്തമാകും പ്രസാദത്തെയും പുന-

രുത്തമ‍ാംഗേ നിധായാനന്ദപൂര്‍വകം

‘രക്ഷ മ‍ാം ഘോരസംസാരാ’ദിതി മുഹു-

രുക്ത്വാ നമസ്കാരവും ചെയ്തനന്തരം

ഉദ്വസിപ്പിച്ചുടന്‍ പ്രത്യങ്ങ്‌മഹസ്സിങ്ക-

ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!

ഭക്തിസംയുക്തനായുള്ള മര്‍ത്ത്യന്‍ മുദാ

നിത്യമേവം ക്രിയായോഗമനുഷ്ഠിക്കില്‍

ദേഹനാശേ മമ സാരൂപ്യവും വരു-

മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?

ഇത്ഥം മയോക്തം ക്രിയായോഗമുത്തമം

ഭക്ത്യാ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്കിലോ

നിത്യപൂജാഫലമുണ്ടവനെ”ന്നതും

ഭക്തപ്രിയനരുള്‍ചെയ്താനതുനേരം.

Also Read: Vastu Tips: Work From Home സമയത്ത് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെ? കാരണം vastu dosh ആയിരിക്കും

ശേഷ‍ാംശജാതന‍ാം ലക്ഷ്മണന്‍തന്നോട-

ശേഷമിദമരുള്‍ചെയ്തോരനന്തരം

മായാമയനായ നാരായണന്‍ പരന്‍

മായാമവലംബ്യ ദുഃഖം തുടങ്ങിനാന്‍:

“ഹാ! ജനകാത്മജേ! സീതേ! മനോഹരേ!

ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!”

ഏവമാദിപ്രലാപം ചെയ്തു നിദ്രയും

ദേവദേവന്നു വരാതെ ചമഞ്ഞിതു

സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു

സൗമുഖ്യമോടു മരുവും ചിലനേരം.

ഹനൂമല്‍സുഗ്രീവസംവാദം
ഇങ്ങനെ വാഴുന്ന കാലമൊരുദിന-

മങ്ങു കിഷ്കിന്ധാപുരത്തിങ്കല്‍ വാഴുന്ന

സുഗ്രീവനോടു പറഞ്ഞു പവനജ-

നഗ്രേ വണങ്ങിനിന്നേകാന്തമ‍ാംവണ്ണം:

“കേള്‍ക്ക കപീന്ദ്ര! നിനക്കു ഹിതങ്ങള‍ാം

വാക്കുകള്‍ ഞാന്‍ പറയുന്നവ സാദരം.

നിന്നുടെ കാര്യം വരുത്തി രഘൂത്തമന്‍

മുന്നമേ സത്യവ്രതന്‍ പുരുഷോത്തമന്‍.

പിന്നെ നീയോ നിരൂപിച്ചീലതേതുമെ-

ന്നെന്നുടെ മാനസേ തോന്നുന്നിതിന്നഹോ.

ബാലി മഹാബലവാന്‍ കപിപുംഗവന്‍

ത്രൈലോക്യസമ്മതന്‍ ദേവരാജാത്മജന്‍

നിന്നുടെമൂലം മരിച്ചു ബലാ, ലവന്‍

മുന്നമേ കാര്യം വരുത്തിക്കൊടുത്തിതു

രാജ്യാഭിഷേകവും ചെയ്തു മഹാജന-

പൂജ്യനായ്താരയുമായിരുന്നീടു നീ.

എത്രനാളുണ്ടിരിപ്പിങ്ങനെയെന്നതും

ചിത്തത്തിലുണ്ടു തോന്നുന്നു ധരിക്ക നീ.

അദ്യ വാ ശ്വോ വാ പരശ്വോഥ വാ തവ

മൃത്യു ഭവിക്കുമതിനില്ല സംശയം

പ്രത്യുപകാരം മറക്കുന്ന പുരുഷന്‍

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പര്‍വതാഗ്രേ നിജ സോദരന്‍തന്നോടു-

മൂര്‍വീശ്വരന്‍ പരിതാപേന വാഴുന്നു

നിന്നെയും പാര്‍ത്തു, പറഞ്ഞ സമയവും

വന്നതും നീയോ ധരിച്ചതില്ലേതുമേ.

വാനരഭാവേന മാനിനീസക്തനായ്‌

പാനവും ചെയ്തു മതിമറന്നന്വഹം

രാപ്പകലുമറിയാതേ വസിക്കുന്ന

കോപ്പുകളെത്രയും നന്നുനന്നിങ്ങനെ.

അഗ്രജനായ ശക്രാത്മജനെപ്പോലെ

നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണ്ണയം.”

അഞ്ജനാനന്ദന്‍തന്നുടെ വാക്കു കേ-

ട്ടഞ്ജസാ ഭീതനായോരു സുഗ്രീവനും

ഉത്തരമായവന്‍തന്നോടു ചൊല്ലിനാന്‍:

“സത്യമത്രേ നീ പറഞ്ഞതു നിര്‍ണ്ണയം.

ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃത്ഥീശനാപത്തുമെത്തുകയില്ലല്ലോ

സത്വരമെന്നുടെയാജ്ഞയോടും ഭവാന്‍

പത്തുദിക്കിങ്കലേക്കുമയച്ചീടണം,

സപ്തദ്വീപസ്ഥിതന്മാരായ വാനര-

സത്തമന്മാരെ വരുത്തുവാനായ്‌ ദ്രുതം

നേരെ പതിനായിരം കപിവീരെ-

പ്പാരാതയയ്ക്ക സന്ദേശപറത്തെ

പക്ഷതിനുള്ളില്‍ വരേണം കപികുലം

പക്ഷം കഴിഞ്ഞു വരുന്നതെന്നാകിലോ

വദ്ധനവനതിനില്ലൊരു സംശയം

സത്യം പറഞ്ഞാലിളക്കമില്ലേതുമേ.”

അഞ്ജനാപുത്രനോടിത്ഥം നിയോഗിച്ചു

മഞ്ജുളമന്ദിരം പുക്കിരുന്നീടിനാന്‍

ഭര്‍ത്തൃനിയോഗം പുരസ്കൃത്യ മാരുത-

പുത്രനും വാനരസത്തമന്മാരെയും

പത്തു ദിക്കിന്നുമയച്ചാനഭിമത-

ദത്തപൂര്‍വ്വം, കപീന്ദ്രന്മാരുമന്നേരം

വായുവേഗപ്രചാരേണ കപികുല-

നായകന്മാരെ വരുത്തുവാനായ്‌ മുദാ

പോയിതു ദാനമാനാദി തൃപ്തത്മനാ

മായാമാനുഷ്യകാര്യാര്‍ത്ഥമതിദ്രുതം

ശ്രീരാമന്റെ വിരഹതാപം

രാമനും പവര്‍തമൂര്‍ദ്ധനി ദുഃഖിച്ചു
ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ
താപേന ലക്ഷ്മണന്‍ തന്നോടു ചൊല്ലിനാന്‍:
“പാപമയ്യോ! മമ! കാണ്‍ക! കുമാര! നീ
ജാനകീദേവി മരിച്ചിതോ കുത്രചില്‍
മാനസതാപേന ജീവിച്ചിരിക്കയോ?
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ.
കശ്ചില്‍ പുരുഷനെന്നോടു സംപ്രിതനായ്‌
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകില്‍
കേവലമെത്രയുമിഷ്ടനവന്‍ മമ.
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകില്‍ ഞാ-
നിങ്ങു ബലാല്‍ കൊണ്ടുപോരുവന്‍ നിര്‍ണ്ണയം.
ജനാകീദേവിയെക്കട്ട കള്ളന്‍തന്നെ
മാനസകോപേന നഷ്ടമാക്കീടുവന്‍.
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു
സംശയമേതുമിതിനില്ല നിര്‍ണ്ണയം.
എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം
ചന്ദനുമാദിത്യനെപ്പോലെയായിതു.
ചന്ദ്ര! ശീത‍ാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്തദാ
വന്നാ തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ.
സുഗ്രീവനും ദയാഹീനനത്രേ തുലോം
ദുഃഖിതനാമെന്നെയും മറന്നാനല്ലോ
നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവന്‍
മൈക്കണ്ണിമാരോടുകൂടി ദിവാനിശം
മദ്യപാനാസക്തചിത്തന‍ാം കാമുകന്‍
വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ!
വന്നു ശരല്‍ക്കാലമെന്നതുകണ്ടവന്‍
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ!
അന്വേഷണംചെയ്തു സീതാധിവാവു-
മിന്നേടമെന്നറിഞ്ഞീടുവാനായവന്‍.
പൂര്‍വ്വോപകാരിയാമെന്നെ മറക്കയാല്‍
പൂര്‍വ്വനവന്‍ കൃതഘ്‌നന്മാരില്‍ നിര്‍ണ്ണയം
ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരില്‍ മുമ്പുണ്ടു സുഗ്രീവനോര്‍ക്ക നീ.
കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ
മര്‍ക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവന്‍
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമിന്നിനി-
സ്സുഗ്രീവനുമതിനില്ലൊരു സംശയം”.
ഇത്ഥമരുള്‍ചെയ്ത രാഘവനോടതി-
ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാന്‍:
“വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം
ഹത്വാ വിടകൊള്‍വനദ്യ തവാന്തികം
ആജ്ഞാപയാശു മാ”മെന്നു പറഞ്ഞിതു
പ്രാജ്ഞനായോരു സുമിത്രാതനയനും
ആദായ ചാപതൂണീരഖഡ്ഗങ്ങളും
ക്രോധേന ഗന്തുമഭ്യുദ്യതം സോദരം
കണ്ടു രഘുപതി ചൊല്ലിനാന്‍ പിന്നെയു-
“മുണ്ടൊന്നു നിന്നോടിനിയും പറയുന്നു
ഹന്തവ്യനല്ല സുഗ്രീവന്‍ മമ സഖി
കിന്തു ഭയപ്പെടുതീടുകെന്നേ വരൂ.
‘ബാലിയെപ്പോലെ നിനക്കും വിരവോടു
കാലപുറത്തിന്നു പോകാമറിക നീ’
ഇത്ഥമവനോടു ചെന്നു ചൊന്നാലതി-
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ
വേഗേന വന്നാലതിന്നനുരൂപമാ-
മാകൂതമോര്‍ത്തു കര്‍ത്തവ്യമനന്തരം”.

Also Read: കൊറോണ സമയത്ത് ദുഖങ്ങൾ വിട്ടൊഴിയുന്നില്ലെ? ദുഖങ്ങൾ ഒഴിയാൻ ഇക്കാര്യങ്ങൾ ശീലിക്കൂ..

ലക്ഷ്മണന്റെ പുറപ്പാട്

അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മര്‍ക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂര്‍ത്തി സര്‍വ്വജ്ഞനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ
ദുഃഖസുഖാദികല്‍ കൈക്കൊണ്ടു വര്‍ത്തിച്ചു
ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാന്‍
മുന്നം ദശരഥന്‍ ചെയ്ത തപോബലം
തന്നുടെ സിദ്ധി വര്‍ത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികള്‍ക്കുണ്ടായ
സങ്കടം തീര്‍ത്തു രക്ഷിച്ചു കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാല്‍
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സര്‍വ്വജഗന്മാ‍യാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ് മാനുഷവ്യാപാരജാതയ‍ാം
രാമായണാഭിധാമാനന്ദദായിനീം
സര്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ
വിഖ്യാതയാക്കുവാനാനന്ദപൂരുഷന്‍
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ
തത്തല്‍ക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരന്‍
സത്വാദികള‍ാം ഗുണങ്ങളില്‍ത്താനനു-
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിര്‍ഗ്ഗുണന്‍
വിജ്ഞാനമൂര്‍ത്തിയ‍ാം സാക്ഷി സുഖാത്മകന്‍
വിജ്ഞാനശക്തിമാനവ്യക്താനദ്വയന്‍
കാമാദികളാലവിലിപ്തനവ്യയന്‍
വ്യോമവദ് വ്യാപ്തനനന്തനനാമയന്‍
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍
സര്‍വ്വാത്മകനെച്ചിലരറിഞ്ഞീടുവോര്‍
നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു
സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദന്‍ മുനിവൃന്ദനിഷേവിതന്‍
കിഷ്കിന്ധയ‍ാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാല്‍
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയില്‍ പിറ്റിച്ചേവരും
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു
ചാടിച്ചുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുള്‍ക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാന്‍
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോഡം സുമിത്രാത്മജന്‍ ചൊല്ലിനാന്‍
‘ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ-
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍
അഗ്രജമാര്‍ഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ വരൂ
എന്നരുള്‍ചെയ്തതു ചെന്നു പറകെ’ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാന്‍
‘കോപേന ലക്ഷ്മണന്‍ വന്നിതാ നില്‍ക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം’
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരന‍ാം മാരുതി തന്നോടു
ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ’
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍
‘താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണന്‍ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാല്‍ പിന്നെ നീ
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം’
ഇത്ഥമര്‍ക്കാത്മജ വാക്കുകള്‍ കേട്ടവള്‍
മദ്ധ്യകക്ഷ്യ‍ാം പ്രവേശിച്ചു നിന്നീടിനാള്‍
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരന്‍ തന്നെ വണങ്ങിനാര്‍
ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനന്‍ ചൊല്ലിനാന്‍
‘എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാല്‍ സാദ്ധ്യമെല്ല‍ാം ദ്രുതം’
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു
യൂഥപന്മാര്‍ മരുവീടും മണിമയ-
സൌധങ്ങളും പുരീശോഭയും കണ്ടുക-
ണ്ടാനന്ദമുള്‍ക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
ലക്ഷ്മീസമാനയായ് നില്‍ക്കുന്നതന്നേരം
ലക്ഷ്മണന്‍ തന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികള്‍ക്കോര്‍ക്കണം
മര്‍ക്കടവീരന്‍ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവല്‍കൃപയാ പരി-
രക്ഷിതനാകയാല്‍ സൌഖ്യം കലര്‍ന്നവന്‍
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവന്‍
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കീന്നും കപികുലപ്രൌഢരും
വന്നു നിറഞ്ഞതു കാണ്‍കിവിടെപ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിര്‍ണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാന്‍
ശക്തരത്രേ കപിസത്തമന്മാരെല്ല‍ാം
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യന‍ാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദ‍ാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും’
താരാവചനമേവം കേട്ടു ലക്ഷ്മണന്‍
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
മത്തനായ് വിഹ്വലിതേക്ഷണന‍ാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണന്‍
മിത്രാത്മജനോടു ചൊല്ലിനാന്‍ നീ രഘു-
സത്തമന്‍ തന്നെ മറന്നെതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ-
പുത്രന്‍ കരസ്ഥിതമെന്നുമറിക നീ
അഗ്രജമാര്‍ഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുത പുത്രനും ചൊല്ലിനാന്‍
‘ഇത്ഥമരുള്‍ചെയ്‌വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി-
സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്ല കപീശ്വരന്‍
രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവന്‍
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍?
വേഗേന നാനാദിഗന്തരത്തിങ്കല്‍ നി-
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കു-
മാമയമെന്നിയേ വാനരനായകന്‍’
മാരുതി ചൊന്നതു കേട്ടു സൌമിത്രിയു-
മാരൂഢലജ്ജനായ് നില്‍ക്കും ദശാന്തരേ
സുഗ്രീവനര്‍ഗ്ഘ്യപാദ്യാദേന്‍ പൂജ-
ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാന്‍
‘ശ്രീരാമദോസോഹമാഹന്ത! രാഘവ-
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാന്‍
ലോകത്രയത്തെ ക്ഷണാര്‍ദ്ധമാത്രം കൊണ്ടു
രാഘവന്‍ തന്നെ ജയിക്കുമല്ലോ ബലാല്‍
സേവാര്‍ത്ഥമോര്‍ക്കില്‍ സഹായമാത്രം ഞങ്ങ-
ളേവരും തന്‍ നിയോഗത്തെ വഹിയ്ക്കുന്നു‘
അര്‍ക്കാത്മജന്‍ മൊഴി കേട്ടു സൌമിത്രിയും-
മുള്‍ക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാന്‍
‘ദുഃഖേന ഞാന്‍ പരുഷങ്ങള്‍ പറഞ്ഞതു-
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ
നിങ്കല്‍ പ്രണയമധികമുണ്ടാകയാല്‍
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
വൈകാതെ പോക വനത്തിനു നാമിനി
രാഘവന്‍ താനേ വസിയ്ക്കുന്നതുമെടോ.

Also Read: എങ്ങിനെ വേണം ഇഷ്ടദേവതാ ഭജനം? ഒാരോരുത്തരുടെയും ഇഷ്ട ദേവത സങ്കൽപ്പങ്ങളെക്കുറിച്ച്

സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍

‘അങ്ങനെ തന്നെ പുറപ്പെടുകെങ്കില്‍ നാ-
മിങ്ങിനിപ്പാര്‍ക്കയില്ലെ’ന്നു സുഗ്രീവനും
തേരില്‍ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്ര നീല‍ാംഗദാദ്യൈരല-
മഞ്ജസാ വാനരസേനയോടും തദാ
ചാമരശ്വേതാ‍തപത്രവ്യജനവാന്‍
സാമരസൈന്യനഖണ്ഡലനെപ്പോലെ
രാമന്‍ തിരുവടിയെച്ചെന്നു കാണ്മതി-
നാമോദമോടു നടന്നു കപിവരന്‍
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
ശ്യാമം ജടമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
ശാന്തം മൃദുസ്മിതചാരുമുഖ‍ാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
കാന്തം മൃഗപക്ഷി സഞ്ചയസേവിതം
ദാന്തം മുദാ കണ്ടു ദൂരാല് കപിവരന്
തേരില്നിന്നാശു താഴത്തിറങ്ങീടിനാന്‍
വീരനായോരു സൌമിത്രിയോടും തദാ
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ച ഭക്ത്യാ നമസ്കരിച്ചീടിനാന്‍
ശ്രീരാമദേവനും വാനരവീരനെ-
ക്കാരുണ്യമോടു ഗാഢം പുണര്‍ന്നീടിനാന്‍
‘സൌഖ്യമല്ലീ ഭവാനെ’ന്നുരചെയ്തുട-
നൈക്യഭാവേന പിടിച്ചിരുത്തീടിനാന്‍
ആതിഥ്യമായുള്ള പൂജയും ചെയ്തള-
വാദിത്യപുത്രനും പ്രീതിപൂണ്ടാന്‍ തുലോം

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News