ഇടുക്കി: അമിത രാസവള പ്രയോഗവും നിറം ചേർക്കലും മൂലം ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ഇടുക്കി ഏലക്കാ പുറന്തള്ളുന്നു. യൂറോപ്പിന് പിന്നാലെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇടുക്കി ഏലത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് വിലയിടിവിന് കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. ഏലക്കായുടെ പ്രധാന ഉപഭോക്തൃരാജ്യങ്ങളാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍. രാജ്യത്ത് ഏലക്കായ്ക്ക് വലിയ വിലത്തകര്‍ച്ച നേരിടുന്നതിനിടെയാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഏലക്കാ തിരിച്ചയക്കുന്നത്. ഖത്തര്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നിന്നും കയറ്റുമതി ചെയ്ത ഏലക്കാ തിരിച്ചയച്ചതാണ് ഒടുവിലത്തെ സംഭവം.
കയറ്റുമതി ചെയ്ത ഏലക്കായില്‍ മോണോക്രോപ്‌റ്റോഫോസ് എന്ന രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലായതാണ് തിരിച്ചയക്കാനുള്ള കാരണമായി അറിയിച്ചത്. കീടനാശിനി പ്രയോഗവും നിറം ചേർക്കലും മൂലം ഖത്തറിനു പിന്നാലെ കൂടുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇടുക്കി ഏലക്കായ്ക്ക് വിലക്ക് നേരിടുമോയെന്ന ഭീതിയിലാണ് ഇപ്പോള്‍ കര്‍ഷകര്‍. അശാസ്ത്രീയമായ കീടനാശിപ്രയോഗമാണ് പലപ്പോഴും കേരളത്തിൽ നിന്നുള്ള കയറ്റുമതിയെ ബാധിക്കുന്നത്. മുൻകാലങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളും സമാനമായ കാരണത്താൽ യൂറോപ്യൻ രാജ്യങ്ങളടക്കം തിരിച്ചയച്ചിരുന്നു.
Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം
അശാസ്ത്രീയമായ ഇത്തരം നടപടികൾ അന്താരാഷ്ട്ര മാർക്കറ്റില്‍ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്വീകാര്യത ഇല്ലാതാക്കും. ഇതില്‍ സർക്കാരിന്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്. അല്ലാത്തപക്ഷം കയറ്റുമതിയോടൊപ്പം ഇന്ത്യയിലെ കാർഷിക രംഗത്തെയും ഇത് വിപരീതമായി ബാധിക്കും. കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത വേനലും, പിന്നാലെയെത്തിയ തുടർച്ചയായ മഴയും മൂലം ഏക്കറുകണക്കിന് സ്ഥലത്തെ ഏലം കൃഷി നശിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം ഏലം കൃഷി പ്രതിസന്ധിയിലായി. 2019 ൽ ഒരു കിലോ ഏലത്തിന് 7000 രൂപ വരെയെത്തിയിരുന്നു. പിന്നീട് വില കുത്തനെ കുറയാൻ തുടങ്ങി. 2021 ജനുവരിയിൽ 1600 രൂപയായിരുന്നത് ഇപ്പോൾ 650 ആയി കുറഞ്ഞു. വിലക്കുറവിനൊപ്പം രോഗബാധകൂടി വ്യാപകമായതോടെ ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞു. വില ഉയർന്നു നിന്നപ്പോൾ നിരവധി കർഷകരാണ് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്തവർ കടക്കെണിയിലായി. പലരും കൃഷി ഉപേക്ഷിച്ചു. ഒരു കിലോ ഏലത്തിന് 1500 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ ഏലം മേഖല പൂർണ്ണമായും തകരുന്ന അവസ്ഥയാണുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...