യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണം; പുരുഷ ജീവനക്കാര്‍ മുസ്ലീങ്ങളും വനിതാ ജീവനക്കാര്‍ ഹിന്ദുക്കളുമെന്ന്! വീഡിയോക്ക് പിറകെ

Lulu Mall Lucknow: കുറച്ച് മുസ്ലീം മതവിശ്വാസികൾ പരസ്യമായി നിസ്കരിക്കുന്നതിന്റെ വീഡിയോ ലഖ്നൌവിലെ ലുലു മാളിലേത് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് വിദ്വേഷ പ്രചാരണം ശക്തമായത്

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 12:35 PM IST
  • സ്ഥാപനത്തിലെ പുരുഷ ജീവനക്കാരെല്ലാം മുസ്ലീം മത വിശ്വാസികളും വനിതാ ജീവനക്കാരെല്ലാം ഹിന്ദു മത വിശ്വാസികളും ആണെന്നാണ് പ്രചാരണം
  • ആർഎസ്എസ് മുഖമാസികയായ ഓർഗനൈസറിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടത്
  • ലുലു മാളിൽ മുസ്ലീം മത വിശ്വാസികൾ പരസ്യമായി നിസ്കരിക്കുന്ന വീഡിയോയും ഓർഗനൈസറിന്റെ ട്വീറ്റിലുണ്ട്
യുപിയിലെ ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണം; പുരുഷ ജീവനക്കാര്‍ മുസ്ലീങ്ങളും വനിതാ ജീവനക്കാര്‍ ഹിന്ദുക്കളുമെന്ന്! വീഡിയോക്ക് പിറകെ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിട്ടതേ ഉള്ളു. അതിനിടെ  മാളിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോലിലുള്ള വിദ്വേഷ പ്രചാരണം ആണ് നടക്കുന്നത്. ലുലു മാളിനുള്ളില്‍ കുറച്ചുപേര്‍ നിസ്‌കരിക്കുന്ന വീഡിയോ പുറത്ത് വരികയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. അതിന് പിറകെയാണ് സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തുടങ്ങിയത്. ജൂലായ് 11 ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്.

മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാള്‍ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയില്‍ വ്യാപാര ശൃംഘലകളില്‍ ഒന്നാണ്. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംരംഭവും ആണിത്. എന്നാല്‍ ലഖ്‌നൗവിലെ മാളിനെ പറ്റി ഇപ്പോള്‍ പ്രചരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ്.

Read Aslo: ഏറ്റവും വലിയ മാള്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിൽ തുറന്നു, കേരളവുമായി ഉണ്ട് ഒരു കണക്ഷന്‍..!!

ആര്‍എസ്എസിന്റെ മുഖമാസികയായ ഓര്‍ഗനൈസറിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആയിരുന്നു നിസ്‌കാര വീഡിയോയും ഗുരുതര ആരോപണവും ആദ്യം പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ലുലുമാളില്‍ മുസ്ലീങ്ങള്‍ പരസ്യമായി നിസ്‌കരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലീങ്ങളാണെന്നും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍.

 

ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായി മാറുമെന്നും വരെ ചിലര്‍ ആരോപിക്കുന്നുണ്ട്. അതേസമയം, ഈ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിന്റെ പൂജയില്‍ പങ്കെടുക്കുന്ന ചിത്രം ഉപയോഗിച്ചാണ് ചിലര്‍ ലുലു മാളിലെ പരസ്യ നിസ്‌കാരത്തെ പ്രതിരോധിക്കുന്നത്. 

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംകെ ഗ്രൂപ്പിന് കീഴിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആയി 235 ലുലു സ്റ്റോറുകളും 24 ഷോപ്പിങ് മാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും അവസാനം പ്രവര്‍ത്തനം ആരംഭിച്ചത് ലഖ്‌നൗവിലെ ഷോപ്പിങ് മാള്‍ ആണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലുലു മാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News