കൊല്ലം: അഞ്ചലിൽ ചാരായ നിർമാണ യൂണിറ്റ് കണ്ടെത്തി. അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശിന്റെ വീട്ടിലാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ചാരായ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഞ്ചൽ അരിപ്ലാച്ചി ചരുവിൽ വീട്ടിൽ ജോസ് പ്രകാശ്, കൊട്ടാരക്കര ചടയമംഗലം ത്രീ സ്റ്റാർ ഹൗസിൽ അനിൽകുമാർ, ചടയമംഗലം വെള്ളുപ്പാറ പടിഞ്ഞാറ്റിൻകര വീട്ടിൽ മണിക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി. ജോസ് പ്രകാശിന്റെ വീടിന്റെ രണ്ടാം നിലയിലാണ് ചാരായം ഉണ്ടാക്കിയിരുന്നത്. ശുചിമുറിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ജലവിതരണ സംവിധാനവും ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചാണ് ചാരായം വാറ്റിയെടുത്തിരുന്നത്.
ALSO READ: Gujarat Hooch Tragedy: വ്യാജമദ്യ ദുരന്തം, മരിച്ചവരുടെ എണ്ണം 25 ആയി, 40 പേർ അതീവ ഗുരുതരാവസ്ഥയിൽ
വിവിധതരം പഴങ്ങളും ആയുർവേദ ഉത്പന്നങ്ങളും ഉപയോഗിച്ചുള്ള കോടയിൽ നിന്നാണ് ചാരായം നിർമിച്ചിരുന്നത്. ഇവ ലിറ്ററിന് 1500 രൂപ നിരക്കിൽ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായ നിർമാണം പിടികൂടിയത്.
പരിശോധനയിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 1000 ലിറ്റർ കോടയും അഞ്ച് ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ അൻസർ.എ, കെപി ശ്രീകുമാർ, ബി.പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് അർക്കജ്, ഹരിലാൽ.എസ്, റോബി സിഎം എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...