ഇലന്തൂരിലെ ഇരട്ട നരബലി കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഭഗവല്‍ സിംഗിന്‍റെ വീട്ടിൽ തെളിവെടുപ്പ് തുടരുകയാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് കൊണ്ടാണ് പൊലീസ് തെളിവെടുപ്പ് തുടരുന്നത്. മായ, മര്‍ഫി എന്നീ നായകളാണ് തെളിവെടുപ്പിൽ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നത്. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഈ നായ്ക്കള്‍ ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളില്‍പ്പെട്ടവയാണ് ഇവ.
മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇരു നായകൾക്കും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം പൂർത്തിയാക്കിയത്.
ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍ പെട്ട നായ്ക്കളുടെ പ്രധാന പ്രത്യേകത ഊര്‍ജ്ജ്വസ്വലതയും ബുദ്ധികൂര്‍മ്മതയുമാണ്. പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് മായക്കും മര്‍ഫിക്കും ശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിയും. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.
ഹവില്‍ദാര്‍ പി.പ്രഭാതും പോലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. മര്‍ഫിയെ പരിപാലിക്കുന്നത് സിവില്‍ പോലീസ് ഓഫീസർ ജോർജ് മാനുവൽ കെ.എസ്, പോലീസ് കോൺസ്റ്റബിൾ നിഖിൽ കൃഷ്ണ കെ. ജി എന്നിവരാണ് . കേരളാപോലീസില്‍ ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പ്പെട്ട 36 നായ്ക്കളാണ് ഉളളത്. ഇതിൽ മായയെയും മര്‍ഫിയെയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ് കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.
കേസിലെ മൂന്ന് പ്രതികളെയും കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാണ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്. വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികൾ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പോലീസിന്റെ തീരുമാനം. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ഒന്നും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...