കൊച്ചി: ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കോതമംഗലം - നേര്യമംഗലം റേഞ്ചിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ പ്രതിയാണ് ആക്രമണം നടത്തിയത്. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പ്രതിയുടെ ആക്രമണത്തിൽ സ്റ്റേഷൻ്റെ ജനാലകൾ തകർന്നിട്ടുണ്ട്. ഊന്നുകൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വനം കുറ്റകൃത്യത്തിൽ പ്രതിയായ കീരിത്തോട് സ്വദേശി പ്രജീഷും ഒരു സ്ത്രീയും കൂടി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൊഴി കൊടുക്കാനെത്തി. പെട്ടെന്ന് പ്രകോപിതനായ പ്രതി ഫോറസ്റ്റ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് പ്രജീഷും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ഫോറസ്റ്റ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.
ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.ജി. സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അർച്ചന, നീനു എന്നിവർക്കാണ് പരിക്കേറ്റത്. ഫോറസ്റ്റ് സ്റ്റേഷൻ്റെ ജനാല ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് പ്രജീഷിനെ കസ്റ്റഡിയിലെടുത്തു. പ്രതി തൻ്റെ യൂണിഫോം വലിച്ചു കീറുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി. സന്തോഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...