മഞ്ചേശ്വരം: വിവാദമായ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ അധികമായി ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരം കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനായി രണ്ടര ലക്ഷ രൂപയും മൊബൈൽ ഫോണും നൽകി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
2021 ജൂൺ അഞ്ചിനാണ് കെ. സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുമായി സുന്ദര രംഗത്ത് എത്തിയത്.കെ. സുരേന്ദ്രൻ മൽസരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ ആ പേരിനോട് സാമ്യമുള്ള സുന്ദര മൽസരിച്ചാൽ അത് വിജയത്തെ ബാധിക്കുമെന്ന് ബിജെപിയും സുരേന്ദ്രനും കരുതിയിരുന്നു. അതിനെ തുടർന്നാണ് പണവും മൊബൈൽ ഫോണും നൽകി സുന്ദരയെ സ്വാധീനിച്ചത്.സുരേന്ദ്രന്റെ വാഗ്ധാനം സ്വീകരിച്ച സുന്ദര നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തിരുന്നു.
ALSO READ: സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാനം; ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി
ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സുന്ദരയുടെ വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ കഴിഞ്ഞ ജൂണിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. സുരേന്ദ്രൻ മുഖ്യപ്രതിയായ കേസിൽ ആകെ ആറ് പ്രതികളാണുളളത്. മറ്റ് പ്രതികളെല്ലാവരും ബിജെപി നേതാക്കളാണ്. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന ആരോപണം തുടക്കം മുതൽ തന്നെ ശക്തമായിരുന്നു.
പട്ടിക- ജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പുകൾ കൂടി ചുമത്തണമെന്ന് സ്പെഷ്യൽ പബ്ലിക് പോസിക്യൂട്ടറും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യ മില്ലാ വകുപ്പുകൾ കൂടി ചുമത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...