ഇടുക്കി: പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ പതിനഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നാണ് ശാന്തൻപാറ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവർ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാല് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മറ്റ് രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലെത്തിയ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളും പോലീസ് കസ്റ്റഡിയിലുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ്. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്. ഓട്ടോറിക്ഷയിലാണ് ഇവർ വന്നത്. സുഹൃത്ത് പൂപ്പാറയിലുള്ള ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി. ഇരുവരും എസ്റ്റേറ്റ് - പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെയിരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ച് പേർ സുഹൃത്തിനെ മർദിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ALSO READ: ഇടുക്കി കൂട്ടബലാത്സംഗക്കേസ്: പ്രായ പൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
പെൺകുട്ടി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസെത്തി പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...