Dewas, Madhya Pradesh: ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണ ശ്രമം നടത്തിയ കള്ളന്‍റെ ഹൃദയ ഭേദകമായ കുറിപ്പ് വൈറലാകുന്നു...
കഷ്ടപ്പെട്ട് പൂട്ടുതുറന്ന് വീട്ടിനുള്ളില്‍ കടന്ന കള്ളന് വിലപിടിപ്പുള്ള ഒന്നും ലഭിച്ചില്ല എങ്കില്‍ എന്താവും അയാളുടെ മാനസികാവസ്ഥ? അതും ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽ? അത്തരത്തില്‍ മോഷണ ശ്രമത്തില്‍ ഒന്നും ലഭിക്കാതെ വന്നപ്പോള്‍ ഹൃദയം തകർന്ന കള്ളന്‍ ഒരു സന്ദേശം നല്‍കി മടങ്ങി..!!
മധ്യപ്രദേശിലെ (Madhya Pradesh) ദേവസില്‍ നിന്നാണ് ഈ വിചിത്രമായ വാര്‍ത്ത പുറത്തുവന്നത്. ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽ കയറിയ മോഷ്ടാവ് പ്രതീക്ഷിച്ച സാധനങ്ങൾ കണ്ടെത്താനാകാതെ മനംനൊന്താണ് ഈ സന്ദേശം നല്‍കി മടങ്ങിയത്.
വീട്ടില്‍ പണമില്ലെങ്കിൽ ഒരു പൂട്ടിന്‍റെ ഉദ്ദേശ്യം എന്താണെന്നായിരുന്നു കള്ളൻ ദേഷ്യത്തോടെ ചോദിച്ചത്.
മധ്യ പ്രദേശിലെ ദേവാസ് ജില്ലയിലെ ഡെപ്യൂട്ടി കളക്ടറായ ത്രിലോചൻ ഗൗറിന്‍റെ വീട്ടിലാണ് കള്ളന്‍ സന്ദേശം ഉപേക്ഷിച്ച് വെറും കൈയോടെ മടങ്ങിയത്.
ദേവാസ് ജില്ലയിലെ ഡെപ്യൂട്ടി കളക്ടറായ ത്രിലോചൻ ഗൗറിന്‍റെ വീട് സാമാന്യം ഉയര്‍ന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്തുതന്നെ പോലീസ് സൂപ്രണ്ടിന്‍റെ വീടുമുണ്ട്. ആ സാഹചര്യത്തില്‍ ഏറെ കഷ്ടപ്പെട്ടായിരിയ്ക്കാം കള്ളന്‍ അകത്തു കയറിയത്. എന്നാല്‍, ഒന്നും കിട്ടിയില്ല... ആ അവസരത്തിലാണ് കള്ളന്‍ കുറിപ്പെഴുതി മടങ്ങിയത്.
കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. "നിങ്ങളുടെ പക്കൽ പണമില്ലെങ്കില്‍ വീട് പൂട്ട് ഇടുന്നതിൽ എന്താണ് അർത്ഥം, കളക്ടർ." സർക്കാർ ഉദ്യോഗസ്ഥന്‍റെ നോട്ട് പാഡും പേനയുമാണ് കള്ളൻ കുറിപ്പ് എഴുതാൻ ഉപയോഗിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, കള്ളന്‍റെ ധീരവും രസകരവുമായ കുറിപ്പ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
എന്നാല്‍, ഇത് പ്രാദേശിക ക്രമസമാധാന അധികാരികളോടുള്ള വെല്ലുവിളിയായും പലരും കണക്കാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...