തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിലെ മുറിയിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടത്. ലോഡ്ജിലെ ജീവനക്കാരനാണ് സംഭവം ആദ്യം കാണുന്നത്. ഒരു കുട്ടിയെ കിടക്കയിലും മറ്റൊരു കുട്ടിയെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയതെന്നാണ് വിവരം.
കുട്ടികൾ മരിച്ച നിലയിലും ചന്ദ്രശേഖറിനെ അവശനായ നിലയിലും കാണുകയായിരുന്നു. ഇയാൾക്ക് ജീവൻ ഉണ്ടെന്ന് മനസ്സിലായതോടെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ലോഡ്ജില്‍ താമസിച്ചിരുന്ന ചന്ദ്രശേഖറും കുട്ടികളും ചൊവ്വാഴ്ച ഉച്ചയ്ക്ക് മുറി വിടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക്‌ശേഷവും ഇവരെ മുറിയില്‍നിന്ന് പുറത്തുകാണാതായതോടെ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോളാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്ന നിലയിലാണ് ചന്ദ്രശേഖറിനെ കാണുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.
ALSO READ: സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു
അതേസമയം കോഴിക്കോട് ഒരു സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കേസിൽ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഗ്രേഡ് ഡി സബ് ഇന്‍സ്‌പെക്ടര്‍ ജയരാജനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ പുറപ്പെടുവിച്ചു. മെയ് പത്തിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
കോഴിക്കോട് ലിങ്ക് റോഡിലുള്ള പാര്‍ക്ക് ലെയ്ന്‍ റൂംസില്‍ ഒരു സ്ത്രീയോടൊപ്പമെത്തി ജയരാജന്‍ മുറിയെടുക്കുകയായിരുന്നു. കൂടാതെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്ഐ ആണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡടക്കം കാണിച്ചാണ് ജയരാജൻ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചത്. ശേഷം 2,500 രൂപ ദിവസ വാടകയുള്ള എസി മുറി ഉപയോഗപ്പെടുത്തിയ ഇവര്‍ മടങ്ങാൻ നേരം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ വിലപേശിയ ശേഷം 1,000 രൂപയാണ് നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...