ആദ്യം Corona, പിന്നെ കൊടുങ്കാറ്റും പേമാരിയും, തുടർന്ന് കൊടും ചൂട്, ഒപ്പം വെട്ടുക്കിളി ആക്രമണവും. സത്യത്തിൽ 2020 എന്ന വർഷം കലണ്ടറിൽ ഉൾപ്പെടുത്താണോ എന്നുപോലും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ വർഷത്തെ 5 മാസങ്ങൾ കടന്നു പോയെങ്കിലും, ജനുവരി ഒഴികെ മറ്റുള്ളവ നമുക്ക് സ്വസ്ഥത തന്നിട്ടില്ലെന്ന് വേണം പറയാൻ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജനുവരിയും അത്ര സുഖത്തിലായിരുന്നില്ല. കാരണം 19 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ തണുപ്പേറിയ മാസമായിരുന്നു അത്.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു China യിലെ വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടതും, ലോകത്താകമാനം അത് പടർന്ന് പന്തലിച്ചതുംമെല്ലാം. ഇതിനു മുൻപും മഹാമാരികൾ പലതും ഉണ്ടായിട്ടുണ്ടെങ്കിലും കൊറോണ അക്കൂട്ടത്തിലെ ന്യൂജൻ ആണെന്ന് വേണം പറയാൻ. കാരണം രോഗലക്ഷണങ്ങൾ, മരണസഖ്യ എല്ലാം പ്രവചനത്തിലും അപ്പുറമാണ്. വളരെ പെട്ടെന്നാണ് വൈറസ് ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പ്രവേശിക്കുന്നത്. രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തം, ചിലർക്ക് ലക്ഷണങ്ങൾ പോലുമില്ല.
കേരളം ഏകദേശം വൈറസിനെ പിടിച്ചുകെട്ടിയെന്ന് ആശ്വസിച്ചെങ്കിലും വീണ്ടും കൂൺ പോലെ രോഗികൾ പൊങ്ങിവരികയാണ്. അപകടം നടന്ന് ടെസ്റ്റ് നടത്തിയപ്പോഴും, മറ്റ് അസുഖങ്ങൾക്ക് വേണ്ടി അഡ്മിറ്റായവരുടെ ടെസ്റ്റ് നടത്തിയപ്പോഴും കൊറോണ പോസിറ്റിവ് ആയി അവ പരിണമിക്കുമ്പോൾ ആശങ്ക തന്നെയാണ് ഉണ്ടാവുന്നത്.
ഇത്രയധികം സുരക്ഷയും കരുതലും ഉള്ള കേരളത്തിൻ്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ രാജ്യത്ത് ആരോഗ്യമേഖലയിൽ പിന്നോക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും.
4 മാസത്തോളമായി നമ്മൾ എല്ലാവരും ഒരുമിച്ച് ഒത്തൊരുമയോടെ ഈ രോഗത്തിനെതിരെപോരാടുന്നു. ഇതിനിടയിലാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയുംപോലെ പ്രളയവും പേമാരിയും കൊടുങ്കാറ്റും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ചു. അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂണ്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും ആള്‍ നാശവും മറ്റ് പല നാശനഷ്ടങ്ങളും ഉണ്ടാക്കി ഉംപുന്‍ വീശിയടിച്ചപ്പോള്‍ പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ട് പേരും മരിച്ചു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വീശിയത്. ഇവിടെ 5,500 വീടുകളാണ് തകര്‍ന്ന് വീണത്. കൊറോണയോട് പോരാടുന്ന ഈ അവസ്ഥയിൽ ഇങ്ങനൊരു പ്രകൃതിദുരന്തം രാജ്യത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദുരിതാശ്വാസക്യാമ്പുകളിൽ ആൾക്കാരെ മാറ്റുമ്പോഴും കൊറോണ അവിടെയും ഭീഷണിയായി തന്നെ തുടരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പേമാരിയും കൊടുങ്കാറ്റും നേരിടുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത് കൊടും ചൂടാണ്. ഡൽഹിയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തി. സഫ്ദർജംഗിൽ താപനില 46 ഉം പാലം മേഖലയിൽ 47.6 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹി പാലം മേഖലയിൽ 52 വർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില മെയ് അവസാനത്തിൽ രേഖപ്പെടുത്തുന്നത്. ഡൽഹി സഫ്ദർജംഗിൽ 18 വർഷത്തിന് ശേഷവും.വരും ദിവസങ്ങളിൽ പഞ്ചാബ്, ചത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടത്തും പൊടിക്കാറ്റും, കുടിവെള്ള ക്ഷാമവും രൂക്ഷമായി.
ഇതൊക്കെ പോരാഞ്ഞിട്ടാണ് പാക്കിസ്ഥാനിൽ നിന്നെത്തിയ വെട്ടുക്കിളികളുടെ ആക്രമണവും. ഇവ രാജസ്ഥാൻ ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിളകളെല്ലാം തിന്ന് തീർക്കുകയാണ്. ഇത് മൂലം രാജ്യം വൻ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
ചുരുക്കി പറഞ്ഞാൽ 2020 എന്ന വർഷം ഒരു ദുസ്വപ്നമായി ചരിത്രത്താളുകളിൽ കുറിക്കപ്പെടാൻ സാധ്യതയുണ്ട്. നടന്ന സംഭവങ്ങളൊക്കെയും മനുഷ്യൻ്റെ കയ്യിലൊതുങ്ങുന്നതുമായിരുന്നില്ല.യുദ്ധത്തിനോ മിസൈലുകൾക്കോ പ്രകൃതിയെ തടയാനും സാധിക്കില്ല. ഈ അവസരത്തിൽ ചൈന ഇന്ത്യൻ അതിർത്തികൾ അക്രമിക്കാനൊരുങ്ങുന്നത് വളരെ നീചമായ പ്രവർത്തിയായിപ്പോയി. രാജ്യം ഒറ്റക്കെട്ടോടെ നിൽക്കേണ്ടസമയത്ത് ഇങ്ങനൊരു നീക്കം അപലപനീയമാണ്. എന്തൊക്കെയായാലും ഇനിയും 7 മാസങ്ങൾ നമുക്ക് മുന്നിലുണ്ട് അവയെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളതാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.