തീയേറ്ററിന് പുറത്ത് നിന്ന് റിവ്യു ആയാലോ? നല്ല സിനിമകള്‍ തീയേറ്ററില്‍ ഓടുമ്പോള്‍ ഫിലിം ചേമ്പറിന് എന്തിനിത്ര വ്യഥ

Review Ban by Film Chamber: പണം മുടക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കാണുന്നത്. പണം മുടക്കി ഒരു ഉത്പന്നം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവ് അഭിപ്രായം തേടരുത് എന്ന് പറയാനാകുമോ?

Written by - Binu Phalgunan A | Last Updated : Feb 8, 2023, 06:43 PM IST
  • സിനിമയുടെ പ്രചാരം പ്രേക്ഷകരുടെ അഭിപ്രായങ്ങളിലൂടെയാണ് എന്ന യാഥാർത്ഥ്യം ഫിലിം ചേംബർ മറന്നുപോകുന്നോണ്ടോ?
  • തീയേറ്ററിന് പുറത്തിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം തേടിയാൽ അതിനെ തടയാൻ ഫിലിം ചേംബറിന് കഴിയുമോ?
  • നല്ല സിനിമകൾ ഇപ്പോഴും തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട് എന്ന വസ്തുത ആർക്കെങ്കിലും മറച്ചുവയ്ക്കാൻ ആകുമോ?
തീയേറ്ററിന് പുറത്ത് നിന്ന് റിവ്യു ആയാലോ? നല്ല സിനിമകള്‍ തീയേറ്ററില്‍ ഓടുമ്പോള്‍ ഫിലിം ചേമ്പറിന് എന്തിനിത്ര വ്യഥ

ഒരു പതിറ്റാണ്ടോ അതിന് അല്‍പം പിറകിലേക്കോ പോയാല്‍ കാണാന്‍ പറ്റുന്ന ചില കാഴ്ചകളുണ്ട്. റിലീസിങ് സെന്ററുകള്‍ മുതല്‍ സി ക്ലാസ്സ് വരെയുള്ള തീയേറ്ററുകളും അവിടങ്ങളില്‍ സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകരും. ഒരു സിനിമ തീയേറ്ററില്‍ റിലീസ് ചെയ്ത് എത്രയോ കാലം കാത്തിരിക്കണമായിരുന്നു അത് ടിവിയില്‍ വരാന്‍. സാറ്റലൈറ്റ് മത്സരങ്ങളുടെ കാലം വന്നതോടെ അത് മാറി. തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ സ്വീകരണമുറികളിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ തുടങ്ങി. സിഡികളുടേയും ഡിവിഡികളുടേയും കാലം അത്രയേറെ പിറകില്‍ ഒന്നുമല്ല. പതിയെ, പല തീയേറ്ററുകളും കല്യാണ മണ്ഡപങ്ങളായോ ഷോപ്പിങ് സെന്ററുകളായോ രൂപം മാറുന്നതും കണ്ടു.

അതിനെല്ലാം ശേഷം, തീയേറ്ററുകളുടെ തിരിച്ചുവരവുകളുടെ കാലവും നാം കണ്ടു. മള്‍ട്ടിപ്ലക്‌സുകളുടെ വലിയ നിര തന്നെ കേരളത്തില്‍ കുതിച്ചുപൊന്തി. ഇതിനിടയിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവുണ്ടായത്. കൊവിഡ് കാലം വന്നതോടെ, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയും കൂടി. പല സിനിമകളും ഒടിടി റൈറ്റ്‌സ് മാത്രം മുന്നില്‍ കണ്ടാണ് ഒരുങ്ങുന്നത് എന്നതും യാഥാര്‍ത്ഥ്യമാണ്. ഒരു സിനിമ തീയേറ്ററില്‍ തന്നെ കാണേണ്ടതുണ്ടോ അതോ ഒടിടിയില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുന്ന ഒരു കാലമാണിത്.

തീയേറ്റര്‍ കോമ്പൗണ്ടുകളില്‍ നിന്നുള്ള സിനിമ റിവ്യൂകള്‍ വിലക്കാന്‍ ഫിലിം ചേംബര്‍ അസോസിയേഷന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചിന്ത. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍, 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നൊരു കര്‍ശന നിര്‍ദ്ദേശവും ഫിലിം ചേംബര്‍ അസോസിയേഷന്‍ മുന്നോട്ട് വച്ചിട്ടുണ്ടത്രെ.

തീയേറ്ററില്‍ നിന്ന് ഇറങ്ങി വരുന്ന പ്രേക്ഷകന്റെ പ്രതികരണം സിനിമയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഒരുവേള, ഫാനിസം തലയ്ക്ക് പിടിച്ച ചിലര്‍ സിനിമകളെ ഡീഗ്രേഡ് ചെയ്യാന്‍ ഈ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാലിപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഏതെങ്കിലും ഒരാളോ ഒരു മാധ്യമമോ അല്ല ഇത്തരത്തില്‍ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ തേടുന്നത്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങള്‍ വരുമെന്നോ സിനിമയെ മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്യുന്നുവെന്നോ പറയാന്‍ കഴിയില്ല.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിലര്‍ ഏകപക്ഷീയമായ റിവ്യൂകള്‍ നടത്തുന്നുണ്ടാകാം. എന്നാല്‍ അതിന്റെ പേരില്‍ എങ്ങനെയാണ് സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകന്റെ പ്രതികരണം എടുക്കുന്നത് വിലക്കാന്‍ ആവുക. സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ എഴുതുന്ന വിമര്‍ശനങ്ങള്‍ മലയാള സിനിമാവ്യവസായത്തെ തകര്‍ക്കുന്നു എന്നായിരുന്നു കുറച്ച് നാള്‍മുമ്പ് വരെയുള്ള ആക്ഷേപം. ആ ആക്ഷേപം ഇപ്പോള്‍ നേരിട്ടുള്ള പ്രതികരണങ്ങളിലേക്ക് മാറിയിരിക്കുന്നു എന്ന് മാത്രം.

തീയേറ്റര്‍ കോമ്പൗണ്ടുകളില്‍ നിന്നുള്ള പ്രതികരണം മാത്രമേ ഫിലിം ചേമ്പര്‍ അസോസിയേഷന് വിലക്കാന്‍ സാധിക്കുകയുള്ളു എന്ന് അവര്‍ ഓര്‍ക്കാത്തതെന്ത് എന്നാണ് അത്ഭുതപ്പെടുത്തുന്നത്. തീയേറ്ററിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാല്‍ ലോകം വിശാലമാണ്. അവിടെ പ്രതികരണം തേടുന്നതും പ്രതികരിക്കുന്നതും എല്ലാം ഫിലിം ചേംബറിന്റെ അധികാര പരിധിയ്ക്ക് പുറത്താണ്. അവിടെ ഇതിനിയെല്ലാം എങ്ങനെ വിലക്കും എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്.

ഒരു സിനിമ നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഓരോ പ്രേക്ഷകനും ഓരോ വിധത്തില്‍ ആയിരിക്കും സിനിമ കാണുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പല സിനിമകളും ഇഷ്ടപ്പെടാത്തവരും നമുക്ക് ചുറ്റിലും ഉണ്ട്. അതുപോലെ തന്നെ തീയേറ്ററുകളില്‍ ഓളം സൃഷ്ടിക്കാതെ കടന്നുപോയ ചില സിനിമകള്‍ മികച്ചവയായിരുന്നു എന്ന് അഭിപ്രായമുള്ളവരും ഉണ്ടാകും. തീയേറ്ററുകളില്‍ പരാജയപ്പെട്ട്, പിന്നീട് ടൊറന്റില്‍ വന്നപ്പോള്‍ വലിയ അഭിപ്രായം നേടിയ സിനിമകളും നമുക്ക് മുന്നിലുണ്ട്. പ്രേക്ഷകാഭിപ്രായം ഒരു സിനിമയുടെ വിജയത്തിൽ നിർണായകമാണ്, അതുപോലെ തന്നെയാണ് സിനിമയുടെ ക്വാളിറ്റിയും.

നിങ്ങൾ ഒരു ഉത്പന്നം വാങ്ങാൻ തീരുമാനിച്ചുകഴിഞ്ഞാൽ, അതിന്റെ ​ഗുണങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും എല്ലാം അന്വേഷിക്കുക സ്വാഭാവികമായ ഒരു കാര്യമല്ലേ. പ്രേക്ഷകർ പണം കൊടുത്തു കാണുന്നതുകൊണ്ടാണ് സിനിമാ വ്യവസായം ഇവിടെ നിലനിൽക്കുന്നത്. അവനെ സംബന്ധിച്ചിടത്തോളം ചെലവാക്കുന്ന പണത്തിന്റെ മൂല്യം ഏതെങ്കിലും വിധത്തിൽ തിരികെ കിട്ടണം. അങ്ങനെ കിട്ടില്ല എന്ന് തോന്നിയാൽ പണം ചെലവാക്കാൻ അവൻ തയ്യാറാവില്ല. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികൾ പറഞ്ഞതുകൊണ്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നവരാണ് പ്രേക്ഷകർ എന്ന് ചെറുതായി കാണുകയും അരുത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News