സോറി, ഞങ്ങള്‍ ആ ടൈപ്പല്ല

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മാധ്യമവിദ്യാര്‍ത്ഥിയായ സ്നേഹ അനിയന്‍റെ കുറിപ്പ്

Last Updated : Mar 8, 2018, 02:44 PM IST
സോറി, ഞങ്ങള്‍ ആ ടൈപ്പല്ല

സാങ്കേതികതയുടെ വളര്‍ച്ചയില്‍ ഇന്റർനെറ്റിന്‍റെ ഭരണം കൂടി വരുന്ന സാഹചര്യത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ സ്വാഭാവികമായി തോന്നാം. തോന്നാം എന്നല്ല സ്വാഭാവികമാണ്. പക്ഷേ പൊതുവില്‍ പ്രമുഖരല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ഒരു നിശബ്ദ വിഷയമാണ്.

സൂക്ഷിച്ചില്ലെങ്കില്‍ ജീവിതം നശിക്കും... ഫെയ്സ്ബുക്ക്‌, വാട്സ്അപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ലഭിക്കുന്ന സ്ഥിരം ഉപദേശം ഇതായിരിക്കും. ഒരു പരിധി വരെ പുരുഷന്മാരും ഇതിനു ഇരകളാകാറുണ്ടെങ്കിലും   സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ എണ്ണവും ആഴവും വളരെ വലുതാണ്‌.

ഏകദേശം എട്ട് കൊല്ലത്തോളമായി ഫെയ്സ്ബുക്കിന്‍റെ മായാലോകത്ത് എത്തിയിട്ട്. ആവശ്യമില്ലാതെ വന്നിരുന്ന ചില മെസേജുകള്‍ ആയിരുന്നു തുടക്കം. ഭയം കാരണം അതെല്ലാം കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കി. ചിലരെ ബ്ലോക്ക്‌ ചെയ്തു.. 

ആ കൂട്ടത്തില്‍ മറക്കാനാകാത്ത ഒരു സംഭവം നടന്നിട്ട് അധികം നാളായില്ല. ഫെയ്സ്ബുക്കില്‍ ആര് റിക്വസ്റ്റ് അയച്ചാലും അവരുടെ പ്രൊഫൈലില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി നോക്കാറുണ്ട്. അങ്ങനെ വന്ന ഒരു റിക്വസ്റ്റിന്‍റെ പിന്നാമ്പുറം തേടിപ്പോയപ്പോള്‍ അടുത്ത ബന്ധുവില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നത് എന്ന് വ്യക്തമായി. കുടുംബത്തിന് അകത്തും പുറത്തും നല്ല അഭിപ്രായങ്ങള്‍ മാത്രം സ്വന്തമായുള്ള വ്യക്തി ആദ്യമൊക്കെ നന്നായി സംസാരിച്ചു. കാലക്രമേണ വര്‍ത്തമാനത്തിന് പഞ്ചസാര 'കയ്ക്കാന്‍' തുടങ്ങി. 

മെസ്സജുകള്‍ സാവധാനം ഓഡിയോ ക്ലിപ്പുകളായി, പിന്നീട് അത് ഓഡിയോ കോളുകളും വീഡിയോ കോളുകളുമായി. മറുപടി നല്‍കാതെ ഒഴിവാക്കിവിട്ടെങ്കിലും ദിവസം കഴിയുംതോറും അത് അസഹനീയമായി തുടങ്ങി. അങ്ങനെ ആ പേരും ബ്ലോക്ക്‌ ലിസ്റ്റില്‍ ഇടംപിടിച്ചു. 

ഇത്തരം ശല്യക്കാരുടെ ഇടപെടല്‍ സാധാരണ ഒരു ബ്ലോക്കിംഗില്‍ പര്യവസാനിക്കാറുണ്ട്. ഇതും അങ്ങനെ അവസാനിക്കും എന്ന് കരുതി. എന്നാല്‍ പിന്നീടായിരുന്നു സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത്. ഇതേ പ്രൊഫൈലില്‍ നിന്ന് അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ ലഭിക്കാറുള്ളതായി സുഹൃത്തുക്കളിലൊരാള്‍ എന്നെ അറിയിച്ചു. പിന്നെ, അത്തരം പരാതി ഉന്നയിച്ചുള്ള സുഹൃത്തുകളുടെ വിളികളുടെ എണ്ണം കൂടി. പ്രൊഫൈല്‍ ചിത്രം നോക്കിയപ്പോള്‍ കുടുംബ സുഹൃത്താണെന്ന് തിരിച്ചറിഞ്ഞാണ് പലരും എന്നെ വിളിച്ചത്. ഇയാളുടെ ഭാര്യയ്ക്കുണ്ടാകുന്ന മനോവിഷമവും മാനക്കേടും ഓര്‍ത്ത് ആദ്യം ഇത്തരം പ്രശ്നങ്ങള്‍ അറിയിക്കേണ്ടെന്ന് കരുതി. പക്ഷേ, ആ പ്രൊഫൈലില്‍ നിന്ന് ഇത്തരം കലാപരിപാടികള്‍ തുടര്‍ന്നപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. 

സ്ക്രീന്‍ഷോട്ടുകള്‍ സഹിതം അറിയിക്കേണ്ടവരെ അറിയിച്ചു. പൊലീസില്‍ അറിയിച്ചാല്‍ പുലിവാലാകും എന്നൊക്കെ പറഞ്ഞ് ബന്ധുക്കള്‍ പ്രശ്നം ഏറ്റെടുത്തു. ഒടുവില്‍ പ്രശ്നങ്ങളൊക്കെ പറഞ്ഞ് ഒതുക്കി. 

ഈ സംഭവങ്ങളൊക്കെ നടന്നുകൊണ്ടിരുന്നപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. അയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനേക്കാളുപരി എല്ലാവരും ആശങ്കപ്പെട്ടത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചായിരുന്നു. 'പെണ്‍കുട്ടികള്‍ എന്തിന് ഫേസ്ബുക്ക്‌ ഉപയോഗിച്ചു, എന്തിന് മെസ്സേജ് അയച്ചു'... അങ്ങനെ നൂറായിരം ചോദ്യങ്ങള്‍. 

സൈബര്‍ ആക്രമണത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് ഇത്. സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കില്‍ കൃത്യമായ നിലപാടുകള്‍ എടുക്കുകയും അത് തുറന്നു പറയുകയും സമൂഹം പറയുന്ന അളവുകോലുകള്‍ തകര്‍ത്തെറിഞ്ഞ് ജീവിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?

ഒരുപക്ഷേ, പ്രമുഖരായ സ്ത്രീകള്‍ക്ക് ഇത് മുഖേന ഉണ്ടാകുന്ന ചീത്ത പേരുകള്‍ ഗോസിപ്പ് എന്ന് പറഞ്ഞ് ഒതുക്കാനാകും. അപ്പോഴും സാധാരണ സ്ത്രീകള്‍ക്ക് അത് ചീത്ത പേരായി തന്നെ നിലനില്‍ക്കും. അവളുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് പിന്തുണ നല്‍കാന്‍ ഹാഷ്ടാഗ് ക്യാമ്പയനുകളോ പോസ്റ്റര്‍ സമരങ്ങളോ ഉണ്ടാകില്ല. എങ്കിലും, ഓരോ വീടുകളിലും അത്തരമോരോ ചെറുസമരങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ തുടര്‍ന്നു കൊണ്ടേയിരിക്കും. 

Trending News