ഇന്ന് കര്‍ക്കിടകം ഒന്ന്... മലയാള വര്‍ഷത്തിന്‍റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം എന്നാണ് ചൊല്ല്.
രാമശബ്ദം പരബ്രഹ്മത്തിന്‍റെ പര്യായവും, രാമനാമജപം ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക് അര്‍ഹരാക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.
അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.
കർക്കിടകമാസത്തെ പണ്ട് പഞ്ഞകര്‍ക്കിടകം എന്നാണ് വിളിച്ചിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. എന്നാൽ അതിനുപരിയായി ഇത് ഭഗവതി മാസം ആണ്.
എല്ലാ വീടുകളിലും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്ന മാസം. കര്‍ക്കിടക മാസം പൊതുവേ രാമായണമാസം എന്നാണല്ലോ അറിയപ്പെടുന്നത്. എല്ലാ വീടുകളിലും ഗൃഹനാഥനോ ഗൃഹനാഥയോ സന്ധ്യക്ക് വിളക്ക് വച്ച് രാമായണം പാരായണം ചെയ്യും.
രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ്. രാമകഥ അത്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുകയാണ്.
അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടി വന്നു. അതിന് മുന്നില്‍ നാം സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്ത് പ്രസക്തി?
ഈ ചിന്തതന്നെ നമുക്ക് ആത്മീയ ബലം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. കര്‍ക്കിടകത്തിലെ രാമായണ പരായണത്തിന്‍റെ ദൗത്യം ഈ ആത്മബലം ആര്‍ജിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയെന്നതാണ്.
11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്‍റെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞിരുന്നു വേണം രാമായണ പാരായണം തുടങ്ങാന്‍.
കേരളത്തില്‍ ഈ സമയം ആയുര്‍വേദ ചികിത്സയ്ക്കും പ്രധാന്യമുള്ളതാണ്. മറ്റ് മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി കര്‍ക്കിടകത്തില്‍ മരുന്നുകള്‍ സേവിക്കുന്നത് പെട്ടെന്ന് ഫലം തരുമെന്നാണ് വിശ്വാസം,