തൊണ്ണൂറ്റിനാല് വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ മഹാദുരന്തത്തെ നാം ഒറ്റക്കെട്ടായി അതിജീവിച്ചു. കുതിച്ചെത്തിയ മല വെളളം കേരളത്തെ ഒന്നാകെ മുക്കിയപ്പോള്‍ ഒരു ജനത തന്നെ നേരിടുന്ന കാഴ്ചയും നാം കണ്ടു.
ജാതിയുടേയും മതത്തിന്റേയും മതില്‍ക്കെട്ടുകള്‍ തച്ചുടച്ച് ജീവിതങ്ങള്‍ക്ക് തണലൊരുക്കിയവര്‍, കടലോരത്തുനിന്ന് പങ്കായവുമായി വന്ന് ഒരു നാടിന്‍റെ ജീവൻ തിരിച്ചു പിടിച്ച മത്സ്യത്തൊഴിലാളി സഹോദരങ്ങൾ, സുരക്ഷാ ബോട്ടിലേക്ക് കയറാന്‍ മുതുക് ചവിട്ടുപടിയായി നല്‍കിയവര്‍...
ഇവയൊക്കെയും ദുരന്തം ബാക്കിവെച്ച കാഴ്ചകള്‍.
സൈക്കിള്‍ വാങ്ങാന്‍ കരുതിവെച്ചിരുന്ന നാണയ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തമിഴ് പെണ്‍കുട്ടി, അച്ഛന്‍ കരുതിവെച്ചിരുന്ന ഒരേക്കര്‍ ഭൂമി സുമനസ്സോടെ പങ്കുവെച്ച കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി തുടങ്ങി എത്രയോ നന്മമരങ്ങള്‍ നമ്മെ താങ്ങി നിര്‍ത്താനെത്തി.
എങ്കിലും ജീവിതകാലം മുഴുവൻ ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം തച്ചുതകർത്തൊഴുകിയ പ്രളയം നമ്മെ തെല്ലല്ല തളർത്തുന്നത്.
അതിനാല്‍ ഇനി വേണ്ടത് അതിജീവനമാണ്. പ്രളയ ദുരിതത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുന:സൃഷ്ടിയാണ് ലക്ഷ്യം.
പ്രളയവും ദുരന്തവും പിൻവാങ്ങിയശേഷം മണ്ണും പുഴയും കായലും തിരികെയെടുത്ത് ദൈവത്തിന്‍റെ സ്വന്തം നാട് പടുത്തുയര്‍ത്തുന്നതിനായി സീ മീഡിയയും കൈകോര്‍ക്കുന്നു.
നവകേരള സൃഷ്ടിക്കായി ഞങ്ങള്‍ ഒന്നുചേരുന്നു...