ആഗസ്റ്റ് 28 ന് തൊഴിലാളി സംഘടനയായ ബിഎംഎസ് അമൃതാ ദേവി ബലിദാന ദിനമായി ആചരിക്കുകയും വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു.
ഈ ദിനാചരണത്തിന് രാജ്യ ചരിത്രവുമായി ബന്ധമുണ്ട്, ആ ചരിത്രം ഇങ്ങനെയാണ്,
ഭാരതത്തിൽ വൃക്ഷങ്ങളുടെ രക്ഷക്കായി വീര മൃത്യു വരിച്ച ധീര വനിതയായ ശ്രീമതി അമൃതാ ദേവിയുടെ ചരിത്രമാണത്.
വൃക്ഷളോടൊപ്പം വനത്തിന്റെയും വനത്തിലെ ജീവജാലങ്ങളുടെയും സംരക്ഷണത്തിനായാണ് അവർ ആത്മാഹുതി ചെയ്തത്.മാത്രമല്ല ശ്രീ കിഷോർ സിംഗ്, നിഹാൽ ചന്ദ ധാരിണയാ തുടങ്ങിയവരും ഇതേ ലക്ഷ്യത്തിനുവേണ്ടി ബലിദാനികളായി.
1730 ആഗസ്റ്റ് 28 ന് ഇന്നത്തെ ജോധ്പൂരിന് അടുത്തുള്ള ഖേജഡലി ഗ്രാമത്തിൽ വൃക്ഷങ്ങളുടെ രക്ഷക്കായി വീര മൃത്യു വരിച്ച ധീര വനിതയാണ് അമൃതാ ദേവി.
ജോധ്പൂരിൽ കോട്ടകളും കൊട്ടാരങ്ങളും പണിയുവാൻ തടിയുടെ ആവശ്യമുണ്ടായി. അന്നത്തെ താൽക്കാലിക ഭരണാധികാരിയായ അജിത് സിംഗ് ഖേജഡലി ഗ്രാമത്തിൽ പോയി ഖേജഡി വൃക്ഷങ്ങൾ വെട്ടി കൊണ്ടുവരാൻ ഉത്തരവിട്ടു.
സൈനികർ മരങ്ങൾ മുറിക്കുവാൻ സ്ഥലത്തെത്തിയപ്പോൾ ജനങ്ങൾ, മരുപ്രദേശത്ത് ജീവൻ നിലനിർത്തുന്ന പല വിധ ഉപയോഗമുള്ള വൃക്ഷങ്ങൾ വെട്ടുന്നതിനെ എതിർത്തു.
എന്നാൽ ദിവാൻ ബലം പ്രയോഗിച്ച് മരം മുറിക്കാൻ ആജ്ഞാപിച്ചു. ജനങ്ങൾ ദിവാനെ ഭയന്നു മാറി നിന്നു. ഈ സമയത്ത് ശ്രീരാമോവിഷ്ണോയിയുടെ പത്നിയായ അമൃതാ ദേവിയുടെ നേതൃത്വത്തിൽ കർഷകരായ ഗ്രാമീണർ സ്ത്രീകളും കുട്ടികളും അടക്കം വൃക്ഷങ്ങളെ രക്ഷിക്കുവാൻ ദിവാന്റെ ആജ്ഞ ലംഘിക്കുവാൻ തീരുമാനിച്ചു.
അമൃതാ ദേവി വൃക്ഷത്തെ ചുറ്റിപ്പിടിച്ചു. ദിവാന്റെ സൈനികർ അവരെ വൃക്ഷത്തോടൊപ്പം വെട്ടി കഷണമാക്കി. അമൃതാ ദേവിയുടെ മൂന്നു പുത്രിമാരും അമ്മയെ പിന്തുടർന്ന് വീരമൃത്യു വരിച്ചു. കലി മൂത്ത സൈനികരുടെ വാൾത്തലപ്പുകൾ ചോരപ്പുഴകൾ തീർത്തു. ഗ്രാമീണരുടെ ശിരസ്സുകൾ കൊണ്ട് ആ ഗ്രാമം നിറഞ്ഞു. 69 വനിതകൾ അടക്കം 363 ഗ്രാമീണരുടെ ശിരസ്സുകളാണ് അവിടെ പിടഞ്ഞു വീണത്.
സൈനികരുടെ അക്രമവും ഗ്രാമീണരുടെ ജീവദാനവും ഒരാഴ്ചക്കാലം നീണ്ടുനിന്നു. എഴാം ദിവസം അടുത്ത് വിവാഹിതനായ ഒരു യുവാവ് നവവധുവിനൊപ്പം വീരമൃത്യു വരിച്ചു. ഈ ക്രുരത നിറഞ്ഞ വാർത്ത കേട്ട രാജാവിന്റെ ഹൃദയം ഞെട്ടിത്തരിച്ചു.
പശ്ചാത്താപ വിവശനായ രാജാവ് ആ അറും കൊല നിർത്തി വെക്കാൻ ഉത്തരവിട്ടു. ഭരണാധികാരി ഗ്രാമത്തിൽ വന്ന് ക്ഷമായാചനം നടത്തി.
മാത്രവുമല്ല മേലിൽ ആ ഗ്രാമത്തിൽ ഒരു വൃക്ഷവും മുറിക്കരുതെന്നും ജീവജാലങ്ങളെ ഹിംസിക്കരുതെന്നും ലംഘിക്കുന്നവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.
ഇന്നും ഗ്രാമവാസികളും ഭരണകൂടവും ഇത് പാലിച്ചു വരുന്നു.
ഇവിടെ മാത്രം അപൂർവ്വമായിട്ടുള്ള കറുത്ത മാനിനെ കാണാം. ഈ കറുത്ത മാനിനെ വേട്ടയാടിയതിനാണ് സിനിമാ നടൻ സൽമാൻ ഖാനിനെതിരെ
കേടതി കേസെടുത്തത്.
പരിസ്ഥിതി സംരക്ഷിക്കാനുള്ള അമൃതാ ദേവിയുടെ ബലിദാനം ലോകത്തിനു മുഴുവൻ മാതൃകയാണ്. ഉത്തരാഞ്ചലിൽ സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിലുള്ള ചിപ്കോ പ്രക്ഷോഭത്തിന്റെ പ്രേരണ ഇതായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ഇത്തരം ബലിദാനം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. ഖേജഡലി ഗ്രാമത്തിൽ
വീര ബലിദാനത്തിന്റെ സ്മരണയിൽ ബലിദാന ഭൂമിയിൽ സർക്കാർ സ്മൃതി മണ്ഡപവും അതിൽ അനുസ്മരണ പരിപാടികളും നടത്തുന്നുണ്ട്. മികച്ച പരിസ്ഥിതി - മൃഗ സ്നേഹികൾക്ക് മദ്ധ്യപ്രദേശ്, രാജസ്ഥാൻ ഭരണകൂടവും വനം വകുപ്പും "അമൃതാ ദേവി സ്മൃതി പുരസ്കാരം" നൽകി വരുന്നു. ജയ്പൂരിൽ അമൃത ദേവീ വൃക്ഷ ഉദ്യാനം സർക്കാർ നേരിട്ട് ഉണ്ടാക്കിയിട്ടുണ്ട്.35 ഹെക്ടർ സ്ഥലത്ത് പരന്നു കിടക്കുന്ന ഉദ്യാനത്തിലെ നിരവധി അപൂർവ്വ വൃക്ഷങ്ങൾ അവിടുത്തെ പരിസ്ഥിതി സംരക്ഷിക്കുന്നു.
വനനശീകരണം മൂലം അന്തരീക്ഷത്തിലെ സംരക്ഷണമായ ഓസോൺ കവചത്തിന് വിള്ളൽ വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വനനശീകരണം ആഗോളതാപനത്തിനു തന്മൂലം വൻതോതിലുള്ള മഞ്ഞുരുകലിനും വഴിതെളിക്കും. നദികളുടെ പ്രദൂഷണം, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയവ ആരോഗ്യത്തിനും പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാണ്. ഫാക്ടറികൾ മലിനീകരണ നിയന്ത്രണ നടപടികൾ എടുക്കാത്തത് തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇട വരുത്തും. ഫാക്ടറികൾ അടച്ചുപൂട്ടുന്നതിലേക്കും അത് നയിക്കുന്നു.
Also Read:''ഒരു രാജ്യം ഒരു പെൻഷൻ''പ്രചാരണത്തെ തുറന്നെതിര്‍ത്ത് ബിഎംഎസ്
ലോക പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 1972 ജൂൺ 5 ന് സ്റ്റോക്ക്ഹോമിൽ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുകയുണ്ടായി. സമ്മേളനത്തിൽ ഒരു പ്രധാന ചർച്ചാവിഷയം വികസനത്തിനുവേണ്ടി നൈസർഗ്ഗീക സ്രോതസ്സുകൾ നശിപ്പിക്കുന്നത് ഭാവി ജനതയുടെ നിലനിൽപിനു തന്നെ ഭീഷണിയാകുമെന്നാണ്. അവിടെ വെച്ച് എല്ലാ വർഷവും ജൂൺ അഞ്ചിന് വിശ്വ പരിസ്ഥിതി ദിനം ആയി ആഘോഷിക്കുവാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അമൃത ദേവി ബലിദാന ദിവസമായ ആഗസ്റ്റ് 28ന് പരിസ്ഥിതി (പര്യാവരൺ) ദിനമായി ഭാരതീയ മസ്ദൂർ സംഘം എല്ലാ വർഷവും ആചരിക്കുന്നു.
ഈ ദിവസത്തിന് പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് നമുക്കും അമൃത ദേവിയെ സ്മരിച്ചുകൊണ്ട് തീരുമാനമെടുക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്
ബിഎംഎസ് അമൃതാ ദേവി ബലിദാന ദിനം ആച്ചരിച്ചത്,ബിഎംഎസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി യൂണിറ്റുകളില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു.