കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ഇതിന് പിന്നാലെ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ച വ്യാധികളും പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇത്തരം പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതും അത്യാവശ്യമാണ്. ഡെങ്കിപ്പനിക്ക് കാരണമാകാറുള്ളത് ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് വ്യാപിക്കുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്റ്റി. പകല്‍ സമയത്ത് മാത്രമാണ് ഈഡിസ് ഈജിപ്റ്റി കൊതുകുകൾ മനുഷ്യരെ കടിക്കാറുള്ളത്. . ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ട്. അതിനാൽ തന്നെ പനി ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.
ഡെങ്കിപ്പനി ബാധിച്ച രോഗിയെ കടിക്കുന്ന ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകകളുടെ ഉള്ളിൽ കടക്കുന്ന വൈറസ് 8-10 ദിവസങ്ങൾക്കുള്ളിൽ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ എത്തും. ഈ കൊതുക്ക് ആരോഗ്യവാനായ ഒരാളുടെ രക്തം കുടിക്കുന്നതോടെ ഇയാളുടെ ശരീരത്തിലും വൈറസ് എത്തും. വൈറസ് ശരീരത്തിൽ എത്തിയാൽ 3-14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കും.
ALSO READ: Monkeypox: എത്ര തരം മങ്കിപോക്സ് രോഗങ്ങളുണ്ട്? രോഗം വളർത്ത് മൃഗങ്ങളിലേക്ക് പകരുമോ?
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
1) കഠിനമായ പനി
2) അസഹ്യമായ തലവേദന
3) നേത്രഗോളങ്ങളുടെ പിന്നിൽ ഉണ്ടാകുന്ന വേദന
4) സന്ധികളിലും മാംസപേശികളിലും വേദന
5) വിശപ്പില്ലായ്മ
6) രുചിയില്ലായ്മ
7) മനംപുരട്ടലും ഛർദ്ദിയും
രോഗത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ രോഗലക്ഷണങ്ങൾ കാണിക്കുന്നതിനിടയിൽ ഇടവേളകൾ ഉണ്ടാകാം. അതായത് രണ്ട്, മൂന്ന് ദിവസം രോഗലക്ഷണങ്ങൾ കണ്ടതിന് ശേഷം ഭേദമായെന്ന് കരുതിയതിന് ശേഷം വീണ്ടും രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൊതുകിനെ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍, വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവയിൽ കൊതുക് മുട്ടയിട്ട് വളരുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
കൊതുകിനെ ഒഴിവാക്കാൻ വീടിന് വെളിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി ,ടയര്‍ , ആട്ടുകല്ല് , ഉരല് ,ക്ലോസറ്റുകള്‍ വാഷ്ബേസിനുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കുക.
2. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക.
3. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.