ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പല രാജ്യങ്ങളും. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുകളെ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന അറിയിപ്പും നിയന്ത്രണങ്ങളും പലരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്.
കോവിഡ് വൈറസ് ബാധിച്ച പ്രമേഹരോഗികൾക്ക് കടുത്ത ന്യുമോണിയയും ശരീരത്തിൽ വീക്കവും ഉണ്ടാകാം. പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ആശുപത്രിവാസം, വെന്റിലേറ്റർ സപ്പോർട്ട്, മരണം എന്നിവയിലേക്ക് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി ദുർബലമായതിനാൽ ആന്തരിക അണുബാധകളിൽ നിന്നുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് സമയത്ത് പ്രമേഹരോഗികൾ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗലക്ഷണങ്ങളെ സംബന്ധിച്ച അറിയിപ്പുകൾ, ശുചിത്വ രീതികൾ, കോവിഡ് മാർഗനിർദേശങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഇന്ത്യൻ സർക്കാർ നൽകുന്ന സ്റ്റാൻഡേർഡ് പ്രോട്ടോക്കോളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുക.
പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ സാമൂഹിക അകലം പാലിക്കുക. മരുന്നുകൾ പതിവായി കഴിക്കുക. മരുന്ന് കഴിക്കുന്നത് ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യരുത്. നിങ്ങളുടെ പ്രമേഹ മരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുക. ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമേഹ അവസ്ഥയെ ചികിത്സിക്കാൻ നിങ്ങളുടെ മരുന്നുകൾ എപ്പോഴും കയ്യിൽ കരുതുക.
നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പതിവായി പരിശോധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ പരിധിയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുക. ലോക്ക്ഡൗൺ സാഹചര്യം ഉണ്ടായാൽ, നിങ്ങൾ കൂടുതൽ ഇൻസുലിൻ സപ്ലൈകൾ കരുതലുണ്ടെന്ന് ഉറപ്പാക്കുക.
കോവിഡ് വ്യാപനത്തെക്കുറിച്ച് പരിഭ്രാന്തരായി മരുന്നുകളും അവശ്യ വസ്തുക്കളും പൂഴ്ത്തിവെക്കരുത്. മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും തടസ്സമില്ലാത്ത വിതരണം സർക്കാർ ഉറപ്പാക്കും.
സ്വയം മരുന്ന് കഴിക്കരുത്. ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറെ സമീപിക്കുക. ഡോക്ടറെ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഫോണിൽ ഡോക്ടറുമായി സംസാരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.
ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) അല്ലെങ്കിൽ ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നിവയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. പ്രമേഹമുള്ളവരിൽ, ടൈപ്പ് 1 പ്രമേഹ രോഗികളിൽ, ഈ അവസ്ഥയ്ക്ക് ജീവൻ അപകടത്തിലാകുന്ന സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിന് ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ ആവശ്യമായ ഇൻസുലിൻ ഇല്ലാതിരിക്കുമ്പോൾ ഈ അവസ്ഥ ഉണ്ടാകും.
പകർച്ചവ്യാധിയുടെ സമയത്ത്, പ്രമേഹരോഗികൾ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് പ്രധാനമാണ്. ശാരീരിക വ്യായാമങ്ങൾ ഒഴിവാക്കരുത്. പുറത്ത് നടക്കാനോ വ്യായാമം ചെയ്യാനോ സാധിക്കാത്ത അവസരങ്ങളിൽ വീടിനുള്ളിൽ തന്നെ വ്യായാമം ആരംഭിക്കണം.
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ പ്രമേഹത്തിന്റെ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം സ്വീകരിക്കാൻ മടിക്കരുത്. കോവിഡ് ആശങ്കകൾക്കിടയിൽ പ്രമേഹം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ, കൃത്യമായ നിരീക്ഷണവും മരുന്നുകളും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...