Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

1958 ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 24, 2022, 08:44 AM IST
  • കോവിഡ് പകർച്ചവ്യാധിക്കിടയിൽ, മങ്കിപോക്സ് വൈറസിന്റെ വ്യാപനം കൂടുതൽ ആശങ്കയുണർത്തുന്നതാണ്
  • ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 11 രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
  • ഇതുവരെ 80 കേസുകൾ സ്ഥിരീകരിച്ചു
  • 50 കേസുകൾ നിരീക്ഷണത്തിലാണ്
Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

മനുഷ്യരിൽ ബാധിക്കുന്ന അപൂർവ വൈറൽ അണുബാധയാണ് മങ്കിപോക്സ്. 1958 ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയത്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കുരങ്ങുപനി കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ലോകമെമ്പാടും കുരങ്ങുപനി വ്യാപിക്കുകയാണ്.

കോവിഡ് പകർച്ചവ്യാധിക്കിടയിൽ, മങ്കിപോക്സ് വൈറസിന്റെ വ്യാപനം കൂടുതൽ ആശങ്കയുണർത്തുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 11 രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 80 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 50 കേസുകൾ നിരീക്ഷണത്തിലാണ്.

എങ്ങനെയാണ് കുരങ്ങുപനി പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം. 

മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം കുരങ്ങുപനിയുടെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ALSO READ: Monkeypox Prevention: വാനര വസൂരിയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

കുരങ്ങൻ പോക്സും ചിക്കൻ പോക്സും തമ്മിൽ ബന്ധമുണ്ടോ?
ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് കുരങ്ങ് പനിക്കുള്ളത്. ചിക്കൻപോക്‌സ് പോലെ കുരങ്ങ് പനിക്കും ചൊറിച്ചിലുള്ള വെള്ളം കെട്ടിനിൽക്കുന്ന രീയിലുള്ള കുമിളകൾ ശരീരത്തിലുണ്ടാകും. എന്നാൽ, ചിക്കൻപോക്സിൽ നിന്ന് വ്യത്യസ്തമായ വൈറസാണ് മങ്കിപോക്സിന് കാരണമാകുന്നത്. വസൂരി വൈറസുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന 1980-ൽ വസൂരി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടതായി പ്രഖ്യാപിച്ചു. കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രാഥമിക വ്യത്യാസം കുരങ്ങ് പനി ലിംഫ് നോഡുകളുടെ വീക്കത്തിന് കാരണമാകുന്നു എന്നതാണ്. കൈപ്പത്തികൾ, പാദങ്ങൾ, വായയുടെ ഉൾഭാഗം എന്നിവയുൾപ്പെടെ ശരീരത്തിലുടനീളം കുമിളകൾ പ്രത്യക്ഷപ്പെടുന്നു. അണുബാധയുടെ അഞ്ച് മുതൽ 21 ദിവസങ്ങൾക്കിടയിലാണ് സാധാരണയായി കുരങ്ങ് പനി ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ ഇത് ഭേദമാകാറുണ്ട്.

കുരങ്ങ് പോക്സിന് വാക്സിൻ ഉണ്ടോ?
വസൂരി ചികിത്സിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ആന്റിവൈറൽ മരുന്ന് ഉപയോഗിച്ചാണ് കുരങ്ങ് പനി ചികിത്സയ്ക്ക് അം​ഗീകാരം നൽകിയിട്ടുള്ളത്. രണ്ട് രോഗങ്ങളും ഒരേ രീതിയിൽ ഉള്ളതായതിനാൽ വസൂരിക്കുള്ള വാക്സിനുകൾ കുരങ്ങ് പനിക്ക് എതിരെ സംരക്ഷണം നൽകിയേക്കാം. വസൂരി വാക്സിനേഷൻ സ്വീകരിക്കുന്ന ആളുകൾക്ക് കുരങ്ങ് പനിക്കെതിരെ സംരക്ഷണം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നതായോ വ്യക്തമായ സ്ഥിരീകരണങ്ങൾ ലഭിച്ചതായോ റിപ്പോർട്ടുകളില്ല. 1980-ൽ വസൂരിക്കെതിരായ വാക്സിനേഷൻ അവസാനിച്ചതിനുശേഷം 40-50 വയസ്സിന് താഴെയുള്ള ആളുകൾ വസൂരിക്കെതിരെ കുത്തിവയ്പ്പ് നടത്തിയിരിക്കാൻ സാധ്യതയില്ലെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News