സ്ത്രീകളില്‍ സാധാരണമായി മാറിയ രോഗമാണ് അണ്ഡാശയ അര്‍ബുദം(ഒവേറിയന്‍ ക്യാന്‍സര്‍). അണ്ഡാശയത്തില്‍ രൂപപ്പെടുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് ഇത്. ഇത്തരം കോശങ്ങള്‍ അണ്ഡാശയത്തില്‍ ധാരാളമായി ഉണ്ടാവുകയും ശരീരത്തിലെ ആരോഗ്യമുള്ള കോശത്തിനെ ആക്രമിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. ഓവറിയുടെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. ഇതിന് പ്രാരംഭഘട്ടത്തില്‍ തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചു തരും.
എന്നാല്‍ അത് അവഗണിക്കുന്നതാണ് പലപ്പോഴും വലിയ രോഗങ്ങളിലേക്ക് നയിക്കുന്നത്. പലപ്പോഴും സ്ത്രീകളുടെ പ്രായം, പാരമ്പര്യം, ശരീരത്തിന്റെ ഭാരം, ജീവിതശൈലി തുടങ്ങിയവ ഇത്തരം രോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വയറ്റില്‍ ഗ്യാസ് അനുഭവപ്പെടുക, വയര്‍ എപ്പോഴും വീര്‍ത്തിരിക്കുക, വയറിന്റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയൊക്കെയാണ് ഈ അര്‍ബുദത്തിന് മുന്നോടിയായി ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങള്‍. കൂടാതെ അടിവയറ്റില്‍ വലിയ -മുഴ പോലെ -പിണ്ഡം അനുഭവപ്പെടുക, ഭാരക്കുറവ്, ഓക്കാനം, മൂത്രസഞ്ചിയിലും മലാശയത്തിലും മര്‍ദ്ദം അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍, എപ്പോഴും മൂത്രം ഒഴിക്കാനുണ്ടെന്ന തോന്നല്‍, ആര്‍ത്തവ സമയത്ത് അസഹനീയമായ വേദന,
ALSO READ: അല്പം അയമോദകം ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ പമ്പ കടക്കും
വിശപ്പില്ലാതിരിക്കുക, ശരീരത്തിന്റെ ഭാരം അകാരണമായി കുറയുക, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, മലബന്ധം, മുടി കൊഴിച്ചില്‍, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കാണുകയും ആവശ്‌യമായ ചികിത്സ സ്വീകരിക്കുകയും വേണം. അതിനൊപ്പം തന്നെ കുഞ്ഞുങ്ങളുണ്ടാകുന്നതിനായി നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സകളുടെ ഭാഗമായുള്ള ആവര്‍ത്തിച്ചുള്ള അണ്ഡോത്പാദനവും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി പറയാറുണ്ട്. ജനിതക ഘടകങ്ങളും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് അധികമായി ഈ അര്‍ബുദം കണ്ടുവരുന്നത്. അണ്ഡാശയ അര്‍ബുദമുള്ള സ്ത്രീകളുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ രോഗം വരാനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.
അണ്ഡാശയ ക്യാന്‍സറിന്റെ ചികിത്സ
വിവിധ തരത്തിലുള്ള പരിശോധനകളിലൂടെയാണ് ഈ ക്യാന്‍സര്‍ നിര്‍ണ്ണയിക്കുന്നത്. പെല്‍വിക് യുഎസ്ജി ഉള്‍പ്പെടെ ഇമേജിംഗ് പരിശോധനകള്‍, എംആര്‍ഐ, സിടി സ്‌കാനുകള്‍. ചില സന്ദര്‍ഭങ്ങളില്‍ മാമോഗ്രാം, നെഞ്ചിന്റെ എക്‌സ്-റേ എന്നിവയും ആവശ്യമായി വരാറുണ്ട്. ചില രോഗികളില്‍ അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പിയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. ശേഷം പ്രധാനമായുമുള്ള ചികിത്സയായി നിര്‍ദ്ദേശിക്കുക ശസ്ത്രക്രിയയാണ്. ട്യൂമര്‍, ലിംഫ് നോഡുകള്‍, ഓമെന്റം എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഹിസ്റ്റോപാത്തോളജിക്കല്‍ ലാബ് വഴി രോഗനിര്‍ണയത്തിനായി അയയ്ക്കുകയും ചെയ്യുകയാണ് പതിവ്. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് ശസ്ത്രക്രിയയും അതിനു ശേഷം കീമോതെറാപ്പി ചികിത്സയുമാണ് നല്‍കുന്നത്.
പലപ്പോഴും നമ്മുടെ തെറ്റായ ജീവിതശൈലി കൊണ്ടും ഇത്തരം രോഗങ്ങള്‍ വരാറുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കിട്ടാതെ വരികയും വ്യായാമക്കുറവും അണ്ഡാശയ ക്യാന്‍സര്‍ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കൂട്ടുന്നു. അതിനാല്‍ സ്ഥിരമായി വ്യായാമം ചെയ്യുക. പോശക സമൃദ്ധമായ ആഹാരം കഴിക്കുക. കഴിയുന്നതും കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഇവയെല്ലാം പാലിക്കുന്നതിലൂടെ പല ജീവിതശൈലി രോഗത്തില്‍ നിന്നും നമ്മെ ബാധിക്കില്ല. അതിനൊപ്പം പുകയില, മദ്യം എന്നിവ ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന കാര്യത്തിലും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...