മുരിങ്ങയില നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണെന്ന് നമുക്ക് അറിയാം. മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെപ്പറ്റി അധികം ആർക്കും അറിയില്ല. മുരിങ്ങയില വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
മുരിങ്ങയില വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ച മാർഗമാണ്. മുരിങ്ങയിലയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് മികച്ചതാണ്. മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെയധികം സഹായിക്കും.
മുരിങ്ങയില വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കും. വിശപ്പ് കുറയ്ക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും മുരിങ്ങയിലവെള്ളം സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകൾ ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്തി കുറയ്ക്കുന്നു. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ മുരിങ്ങയില വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
രാവിലെ ഒഴിഞ്ഞ വയറ്റിൽ മുരിങ്ങയില വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലബന്ധം ഇല്ലാതാക്കാനും ദഹനവ്യവസ്ഥയെ മികച്ചതാക്കാനും സഹായിക്കും. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.
മുരിങ്ങയില വെള്ളം കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം മുരിങ്ങയില വെള്ളം കുടിക്കുന്നത് ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പോളിഫെനോൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഹൈപ്പർടെൻഷനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു.