ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും പൊണ്ണത്തടിയെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് വേൾഡ് ഒബിസിറ്റി ഡേ ആചരിക്കുന്നത്. 2023ലെ വേൾഡ് ഒബിസിറ്റി ഡേയുടെ പ്രമേയം 'മാറുന്ന കാഴ്ചപ്പാടുകൾ: പൊണ്ണത്തടിയെക്കുറിച്ച് നമുക്ക് സംസാരിക്കാം' എന്നതാണ്. ആഗോള സംഘടനയായ വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പറയുന്നത് പൊണ്ണത്തടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ പ്രമേയം നൽകിയിരിക്കുന്നതെന്നാണ്.
പൊണ്ണത്തടിയെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ തിരുത്തുക. ശരിയായ ശരീരഭാരം നിലനിർത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ. പൊണ്ണത്തടിയെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ ആണ് ആദ്യമായി വേൾഡ് ആചരിച്ചത്.
എന്താണ് പൊണ്ണത്തടി?
അമിതവണ്ണം ശരീരഭാരത്തിൽ കൊഴുപ്പിന്റെ അളവിനെ ക്രമാതീതമായി ഉയർത്തുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് പൊണ്ണത്തടി. ശരീരത്തിൽ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് അനുസരിച്ച്, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 25 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ അമിതഭാരമുള്ളവരായി കണക്കാക്കുന്നു. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബിഎംഐ പൊണ്ണത്തടിയായി കണക്കാക്കപ്പെടുന്നു.
എങ്ങനെയാണ് പൊണ്ണത്തടി ആഗോള ഭീഷണിയായി മാറിയത്?
- അമിതവണ്ണത്തിന്റെ അടിസ്ഥാനപരമായ കാരണം കഴിക്കുന്ന കലോറിയുടെയും ചെലവഴിക്കുന്ന കലോറിയുടെയും അസന്തുലിതാവസ്ഥയാണ്. സമീപകാലങ്ങളിലായി ആഗോള ഭക്ഷണരീതികൾ മാറി. കൊഴുപ്പും കൃത്രിമ മധുരങ്ങളും ചേർത്ത ഊർജ്ജ സാന്ദ്രമായ ഭക്ഷണങ്ങളുടെ ഉപഭോഗം വർധിച്ചു.
- ജോലികളുടെ സ്വഭാവം മാറുന്നതിന്റെയും ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതിന്റെയും നഗരവൽക്കരണം വർധിച്ചതിന്റെയും ഫലമായി ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞു.
- 1975നും 2016നും ഇടയിൽ അഞ്ച് മുതൽ 19 വയസ്സ് വരെ പ്രായമുള്ള അമിതഭാരമുള്ള അല്ലെങ്കിൽ പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം നാല് ശതമാനത്തിൽ നിന്ന് 18 ശതമാനം ആയി വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
- അമിതഭാരമുള്ള അല്ലെങ്കിൽ പൊണ്ണത്തടിയുള്ള കുട്ടികളിൽ ഭൂരിഭാഗവും വികസ്വര രാജ്യങ്ങളിൽ നിന്നാണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വർധനവിന്റെ നിരക്ക് 30 ശതമാനം കൂടുതലാണ്.
പൊണ്ണത്തടിയുടെ അപകടസാധ്യതകൾ
- ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളായ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ വിവിധ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകങ്ങളാണ് അമിതവണ്ണവും പൊണ്ണത്തടിയും.
- പൊണ്ണത്തടി പ്രമേഹത്തിനും അതിന്റെ സങ്കീർണതകളായ മറ്റ് രോഗാവസ്ഥകൾ ഡയാലിസിസിന്റെ ആവശ്യകത എന്നിവയിലേക്കും നയിച്ചേക്കാം.
- അമിതഭാരം ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സിന് കാരണമാകും.
- എൻഡോമെട്രിയൽ, ബ്രെസ്റ്റ്, അണ്ഡാശയം, പ്രോസ്റ്റേറ്റ്, കരൾ, പിത്തസഞ്ചി, വൃക്ക, വൻകുടൽ തുടങ്ങിയ ക്യാൻസറുകളുമായും പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിക്ക് അൽപ്പം അമിതഭാരമുണ്ടെങ്കിൽപ്പോലും, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഉയരുന്നതിനനുസരിച്ച് ഈ രോഗങ്ങളുടെ സാധ്യത വർധിക്കുന്നു.
പൊണ്ണത്തടി തടയാൻ എന്താണ് ചെയ്യേണ്ടത്?
- കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപഭോഗം കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, പരിപ്പ് എന്നിവയുടെ ദൈനംദിന ഉപഭോഗത്തിന്റെ അളവ് വർധിപ്പിക്കുക. അമിതഭാരവും പൊണ്ണത്തടിയും കുറയ്ക്കുന്നതിന് വ്യായാമം ശീലമാക്കുക. മുതിർന്നവർ പ്രതിദിനം 60 മിനിറ്റ് വ്യായാമം ചെയ്യണം. കുട്ടികൾ ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യണം.
- ജനനം മുതൽ ആറ് മാസം വരെ മുലപ്പാൽ മാത്രം നൽകുന്നത് ശിശുക്കൾക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...