കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ കൂട്ടരാജി; സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജി വയ്ക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് രാമലിംഗ റെഡ്ഡി അറിയിച്ചു.

Last Updated : Jul 6, 2019, 03:58 PM IST
കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ കൂട്ടരാജി; സര്‍ക്കാര്‍ ഏതു നിമിഷവും നിലം പതിക്കും

ബംഗളൂരൂ: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കോണ്‍ഗ്രസ്‌ വിമതന്‍ രമേശ്‌ ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 11 എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെ കണ്ടു രാജി സമര്‍പ്പിച്ചു.

 

 

എട്ടു കോണ്‍ഗ്രസ്‌ എംഎല്‍എമാരും മൂന്ന് ജെഡിഎസ്‌ എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായും സ്പീക്കര്‍ രമേശ്‌ കുമാര്‍ സ്ഥിരീകരിച്ചു. 

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്.വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു.

 

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജി വയ്ക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.

 

 

വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്ത രമേശ്‌ ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

അതേസമയം എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് മന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്‍റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. 

ഇതിനിടയില്‍ സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രെട്ടറി കെ.സി.വേണുഗോപാലും ബംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്. 

224 അംഗ നിയമസഭയില്‍ 15 എംഎല്‍എമാര്‍ രാജിവച്ചാല്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

Trending News