രാജ്‌കോട്ട്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളാണ് ചത്തത്. പെട്ടെന്നുള്ള മരണകാരണം എന്താണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗിര്‍ മേഖലയിലെ ദല്‍ഖനിയയില്‍ ചത്തുവീണ സിംഹങ്ങളെ പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ചു.
സിംഹങ്ങളുടെ മരണ കാരണം ശ്വാസകോശത്തിലെ അണുബാധയാണെന്നാണ് വെറ്റിനറി ഫോറസ്റ്റ് ഓഫീസറായ ഹിതേഷ് വമ്ജ പറഞ്ഞത്. മാത്രമാല്ല ഈ അണുബാധ മറ്റ് അവയവങ്ങളിലെയ്ക്കും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മറ്റുള്ള സിംഹങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചതായി ഹിതേഷ് വമ്ജ പറഞ്ഞു.
എന്നാല്‍ സിംഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സംഭവിക്കുന്ന മുറിവുകളെ തുടര്‍ന്നാണ് ചില സിംഹങ്ങള്‍ മരണമടഞ്ഞതെന്ന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി അംഗം ജൽപൻ രൂപപാറ പറഞ്ഞു. എല്ലാ സിംഹങ്ങളും മരിച്ചത് അണുബാധ മൂലമാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നെണ്ണം മരിച്ചത് തമ്മില്‍തല്ല് കാരണമാണെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.