ജമ്മുവില്‍ ഇന്റര്‍നെറ്റ്‌ നിയന്ത്രണം അവസാനിച്ചു; 5 ജില്ലകളില്‍ 2ജി നെറ്റ് ലഭിക്കും

ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്.   

Last Updated : Aug 17, 2019, 12:00 PM IST
ജമ്മുവില്‍ ഇന്റര്‍നെറ്റ്‌ നിയന്ത്രണം അവസാനിച്ചു; 5 ജില്ലകളില്‍ 2ജി നെറ്റ് ലഭിക്കും

ജമ്മു: കുറച്ചുദിവസത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ജമ്മു റീജിയണിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ശനിയാഴ്ചയാണ് പുനസ്ഥാപിച്ചത്.

ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. കശ്മീര്‍ താഴ്വരയിലെ 17 എക്സ്ചേഞ്ചുകളിലെ ലാന്‍ഡ്‌ ലൈന്‍ കണക്ഷനുകളും പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരും.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ജമ്മുവിലും കശ്മീരിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. 

ജമ്മു കശ്മീരിലെ ടെലികോം സേവനങ്ങള്‍ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം വ്യക്തമാക്കിയിരുന്നു.

ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. 

നേരത്തെ കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് അല്‍പം കൂടെ സമയം കൊടുക്കണമെന്നായിരുന്നു കോടതി നിലപാട്.

കശ്മീര്‍ ടൈംസ് എന്ന മാധ്യമത്തിന്‍റെ എഡിറ്ററായ അനുരാധ ഭാസിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കശ്മീര്‍ താഴ്‌വരയിലെ കനത്തസുരക്ഷ അതുപോലെ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

Trending News