അനിശ്ചിതകാല പണിമുടക്ക്‌, മമതയ്ക്ക് അന്ത്യശാസനം നല്‍കി ഡോക്ടര്‍മാര്‍

പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് അന്ത്യശാസനം നല്‍കി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. 

Last Updated : Jun 15, 2019, 10:29 AM IST
അനിശ്ചിതകാല പണിമുടക്ക്‌, മമതയ്ക്ക് അന്ത്യശാസനം നല്‍കി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് അന്ത്യശാസനം നല്‍കി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. 

48 മണിക്കൂറിനകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്‌ ഉണ്ടാവുമെന്നാണ് താക്കീത്. 

ഒപ്പം മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സമരം നടത്തുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി നടത്തിയ താക്കീതിനാണ് അവര്‍ മാപ്പ് ചോദിക്കേണ്ടത്‌. അവര്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്നും ഒരു ഡോക്ടര്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍, മെഡിക്കല്‍ കോളേജിലെ സമരത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയുണ്ടെന്നുംശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് മമത പറഞ്ഞിരുന്നു.

പ്രതിഷേധിക്കുന്നവര്‍ എല്ലാം ഡോക്ടര്‍മാരല്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത പറഞ്ഞിരുന്നു.

അതേസമയം, പശ്ചിമ ബംഗാളിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ജൂണ്‍ 17, തിങ്കളാഴ്​ച രാജ്യ വ്യാപക പണിമുടക്ക്​ നടത്തുമെന്ന്​ ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ (ഐ.എം.എ) അറിയിച്ചു.

തിങ്കളാഴ്​ച നടക്കുന്ന രാജ്യ വ്യാപക പണിമുടക്കില്‍ 3.5 ലക്ഷം ഡോക്​ടര്‍മാര്‍ പ​ങ്കെടുക്കുമെന്നും ഐ.എം.എ അറിയിച്ചു. സുരക്ഷ നല്‍കണമെന്ന്​ മാത്രമാണ്​ ഡോക്​ടര്‍മാര്‍ അധികാരികളോട്​ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ ഭാരവാഹികള്‍ വ്യക്​തമാക്കി.

അതേസമയം, കൊല്‍ക്കത്തയില്‍ ഡോക്​ടര്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യ വ്യാപകമായി പിന്തുണയും വര്‍ദ്ധിക്കുകയാണ്. പശ്ചിമ ബംഗാള്‍ ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി നിരവധി സംസ്ഥാനങ്ങളില്‍ ഇന്നാലെ  ഒരു ദിവസത്തെ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു.  

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു.  അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 

കൂടാതെ, എൻആർഎസ് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ച് പ്രതിഷേധിച്ചു. വിവിധ  ആശുപത്രികളിലായി 300ല്‍ അധികം ഡോക്ടര്‍മാര്‍മാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌. 

സമരത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മമത ആരോപിക്കുമ്പോള്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്​ടര്‍മാരുടെ തീരുമാനം. 

Trending News