ബംഗളൂരു: പുലിവാലുപിടിച്ച് ലോ൦ഗ് ജംപ് താരവും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ്ജ്!!
അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന് കര്‍ണാടക ബിജെപി അവകാശവാദമുന്നയിക്കുമ്പോള്‍ താന്‍ കുടുംബ സുഹൃത്തായ വി മുരളീധരനെ കാണാനാണ് അവിടെ എത്തിയത് എന്നും ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.
കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്ദ്യുരപ്പ, കേന്ദ്ര മന്ത്രി വി മുരളീധരന്‍, പാര്‍ട്ടി എംപി തേജസ്വി സൂര്യ എന്നിവരുടെ സാന്നിധ്യത്തില്‍ ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അഞ്ജു അംഗത്വം നേടി എന്നാണ് ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്. അഞ്ജു ബിജെപി വേദിയില്‍ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി പതാകയുമായി നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ കൊടുത്തിരുന്നു.
എന്നാല്‍, രാഷ്ട്രീയത്തിലേക്കില്ല എന്നും തന്‍റെ മതവും രാഷ്ട്രീയവും സ്പോര്‍ട്സ് ആണെന്നും അഞ്ജു ബോബി ജോര്‍ജ് തുറന്നു പറഞ്ഞു. വേദിയിലേയ്ക്ക് കയറി വന്ന തന്‍റെ കയ്യിലേയ്ക്ക് പെട്ടെന്ന് പാര്‍ട്ടി പതാക തരുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയാണ് നടന്നിരുന്നത് എന്ന കാര്യം പോലും അവിടെ ചെല്ലുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു എന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
'ബിജെപി അംഗത്വം എടുത്തിട്ടില്ല. എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. കായിക താരങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതുണ്ട്. സ്പോര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്', അഞ്ജു അഭിപ്രായപ്പെട്ടു.
എഎന്‍ഐ അടക്കമുള്ള വാര്‍ത്ത ഏജന്‍സികള്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.