ചെന്നൈ: സമരം നിറുത്തി ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട പോലെ സംസ്ഥാനത്തെ എം.എല്‍.എമാരോടും ജോലിയെടുക്കാന്‍ ആവശ്യപ്പെടണമെന്ന് കമല്ഹാസന്. ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ കഴിയില്ലെന്ന നിലപാട് രാഷ്ട്രീയ കുതിരക്കച്ചവടത്തിലേര്പ്പെട്ട് റിസോര്‍ട്ടില്‍ കഴിയുന്ന തമിഴ്നാട്ടിലെ എം.എല്‍.എമാര്‍ക്കും ബാധകമാക്കണമെന്ന് കമല്ഹാസന് അഭിപ്രായപ്പെട്ടു.
'സമരം ചെയ്യുന്ന അധ്യാപകരെ കോടതി ശാസിച്ചു. സമാനമായ ശാസന ജോലിയ്ക്കെത്താതിരിക്കുന്ന എം.എല്‍.എമാര്‍ക്കും നല്‍കണം' കമല്ഹാസന് ട്വീറ്റ് ചെയ്തു.
എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19 എം.എല്‍.എമാരാണ് ടിടിവി ദിനകരന്റെ പിന്തുണയോടെ തമിഴ്നാട്ടിലെ റിസോര്‍ട്ടുകളില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
സെപ്തംബര്‍ അവസാനത്തോടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറകേയാണ് എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം കമല്ഹാസന് ഉന്നയിച്ചത്. വാഗ്ദാനം ചെയ്യുന്നവ നിറവേറ്റാൻ കഴിയാത്ത ജനപ്രതിനിധികളെ പുറത്താക്കാനുള്ള സംവിധാനമുണ്ടായാലേ ഇന്ത്യയിലെ രാഷ്ട്രീയം നന്നാവുകയുള്ളൂ എന്ന് നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കമല്‍ അഭിപ്രായപ്പെട്ടിരുന്നു.