ന്യൂഡല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി.
കേസില്‍ പ്രതിയായ 92 കാരനായ മുന്‍ ഉപപ്രധാനമന്ത്രിയുടെ മൊഴി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ലഖ്‌നൗവിലെ കോടതിയില്‍ സിആര്‍പിസി സെക്ഷന്‍ 313 പ്രകാരമാണ് രേഖപ്പെടുത്തിയത്. 100 ചോദ്യങ്ങളാണ് കോടതി അദ്ദേഹത്തോടെ ചോദിച്ചത്. മൊഴി നല്‍കല്‍ ഏകദേശം അരമണിക്കൂര്‍ നീണ്ടിരുന്നു. അദ്ദേഹത്തിനെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു.
ഇതേകേസില്‍ ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി സ്‌പെഷ്യല്‍ ജഡ്ജി എസ് കെ യാദവ് മുന്‍പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളായ രാം ചന്ദ്ര ഖത്രിയ, ശിവസേന എംപി സതീഷ് പ്രധാന്‍, ഉമാ ഭാരതി എന്നിവരും ഇതിനോടകം മൊഴി നല്‍കിയിട്ടുണ്ട്. സിആര്‍പിസിയിലെ സെക്ഷന്‍ 313 പ്രകാരം ആകെ 32 പ്രതികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തുന്നത്.
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം 2017ല്‍ സുപ്രിം കോടതിയാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ആഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അയോധ്യയില്‍ രാമക്ഷേത്രഓ ഉയരുകയാണ്. ഓഗസ്റ്റ് 5നാണ് രാമ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
ഈയവസരത്തിലും, ബാബറി മസ്ജിദ് തകര്‍ക്കാന്‍ ചുക്കാന്‍ പിടിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ കോടതിയില്‍ മൊഴി നല്‍കുന്നത് തുടരുകയാണ്.