മുംബൈ: പ്ലാസ്റ്റിക് കപ്പ് ഉപയോഗിച്ചതിന് സ്വയം പിഴ ചുമത്തി കളക്ടര്‍!
മഹാരാഷ്ട്രയിലായിരുന്നു സംഭവം നടന്നത്. ബീഡ് ജില്ലയിലെ കളക്ടറായ അസ്തീക് പാണ്ഡെയാണ് സ്വയം പിഴ ചുമത്തിയത്.
കളക്ടറുടെ ഓഫീസില്‍ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. അന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായിരുന്നു.
അന്നേദിവസം വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടാനായി കളക്ടര്‍ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിലായിരുന്നു സംഭവം അരങ്ങേറിയത്..
അന്ന് പരിപാടിക്കെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്ലാസ്റ്റിക് കപ്പിലായിരുന്നു ചായ നല്‍കിയത്. സംസ്ഥാനമൊട്ടാകെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ സാഹചര്യത്തില്‍ കളക്ടറേറ്റില്‍ പ്ലാസ്റ്റിക് കപ്പ് ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.
കേട്ടപ്പാടെ അത് ശരിവച്ച കളക്ടര്‍ അപ്പോള്‍ തന്നെ 5000 രൂപ സ്വയം പിഴ ചുമത്തുകയും ചെയ്തു.
വാര്‍ത്താസമ്മേളനത്തിന് ശേഷം കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം നടപ്പിലാക്കത്തതില്‍ കളക്ടര്‍ ഉദ്യോഗസ്ഥരെ ശകാരിച്ചു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.
എട്ടു ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് കളക്ടറുടെ ഓഫീസില്‍ പിഴ ചുമത്തുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയുടെ കയ്യില്‍ നിന്നുമാണ് പിഴ ചുമത്തിയത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ അടക്കേണ്ട തുക ഒരു പ്ലാസ്റ്റിക് ബാഗിലായിരുന്നു സ്ഥാനാര്‍ത്ഥി കൊണ്ടുവന്നത്. അത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും അയാള്‍ക്ക് 5000 രൂപ പിഴ അടക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു.