പുതുവർഷാഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന അപമാനം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് ജി. പരമേശ്വര

പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. 

Last Updated : Jan 3, 2017, 02:35 PM IST
പുതുവർഷാഘോഷത്തിനിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന അപമാനം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് ജി. പരമേശ്വര

ബംഗളൂരു: പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. 

ഒരു സ്വകാര്യ ന്യൂസ്ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതുവത്സരാഘോഷത്തിന് എത്തിയവർ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നതെന്ന് മന്ത്രി വിമർശിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അനേകം യുവാക്കള്‍ ഇത്തരം ആഘോഷങ്ങളില്‍ പങ്കാളികളാകും. 

പരിപാടിയില്‍ പങ്കെടക്കാന്‍ എത്തുന്ന യുവാക്കളെല്ലാം പാശ്ചാത്യ രാജ്യങ്ങളിലെ പോലെയാണ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഇവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സ്ത്രീകള്‍ക്ക് നേരെ പീഡനശ്രമങ്ങളുണ്ടായി. പക്ഷേ  മാനസീകാവസ്ഥയില്‍ മാത്രമല്ല വസ്ത്രങ്ങളിലും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും പരമേശ്വര പറഞ്ഞു. 

അതേസമയം, മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്ന് ആരോപിച്ച് സ്ത്രീ സംഘടനകൾ രംഗത്തെത്തി. ഒരു ആഭ്യന്തരമന്ത്രിയില്‍ നിന്നും വരുന്ന ഇത്തരം വാക്കുകള്‍ ഖേദകരമാണ്. അദ്ദേഹം രാജിവെച്ച് ക്ഷമ പറയണമെന്നും പറഞ്ഞു.

നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നിരുന്നു. ബ്രിഗേഡ് റോഡ്, എം.ജി റോഡ് 
എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 1500 പൊലീസുകാരും നിരവധി സി.സി.ടി.വി കാമറകളും വാച്ച് ടവറുകളും ഉള്ളപ്പോഴായിരുന്നു ഈ അതിക്രമം. 

അക്രമികൾ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. നിരവധി പേരാണ് ഇതുകാരണം പുതുവര്‍ഷപ്പുലരിക്ക് നില്‍ക്കാതെ മടങ്ങിയത്.

Trending News