Kolkata: "പാടത്ത് പണി വരമ്പത്ത് കൂലി" എന്ന് കേട്ടിട്ടേയുള്ളൂ , പക്ഷെ BJP ദേശീയ നേതാവ് അനുപം ഹസ്രയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്...!!
തനിക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചാല്‍ ആദ്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി (West Bengal CM) മമത ബാനര്‍ജിയെ ( Mamata Banerjee) കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ BJP ദേശീയ നേതാവ് അനുപം ഹസ്ര (Anupam Hazra)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച വിവരം അനുപം ഹസ്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവര്‍ത്തകരെ അറിയിച്ചത്. ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. പരിശോധന ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
'തനിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ആദ്യം താന്‍ മുഖ്യമന്ത്രി Mamata Banerjee യെ കെട്ടിപിടിക്കുമെന്നായിരുന്നു
BJP ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്ര (Anupam Hazra) പറഞ്ഞത്. അവര്‍ക്ക് രോഗം വന്നാല്‍ മാത്രമേ ഈ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസിലാകൂ എന്നുമാണ് ഹസ്ര പറഞ്ഞത്. രോഗബാധിതരോട് മമത സര്‍ക്കാര്‍ നിര്‍ദയമായാണ് പെരുമാറുന്നതെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നും ഹസ്ര ആരോപിച്ചിരുന്നു.
ശത്രുവിന് പോലും ഈ അസുഖം വരുത്തരുതേ എന്ന് രോഗ ബാധിതരായവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ താന്‍ ആദ്യം മമത ബാനര്‍ജിയെ കെട്ടിപ്പിടിയ്ക്കുമെന്നുള്ള അനുപം ഹസ്രയുടെ പരാമര്‍ശം വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു.
സെപ്റ്റംബര്‍ 27ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.
BJP ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ അനുപം ഹസ്രയും പ്രവര്‍ത്തകരും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ പ്രവര്‍ത്തകര്‍ കോവിഡിനേക്കാള്‍ വലിയ ശത്രുവിനോട് പോരാടുകയാണെന്നും അത് മമത ബാനര്‍ജിയാണെന്നുമായിരുന്നു പ്രതികരണം.
വിവാദ പരാമര്‍ശത്തില്‍ അനുപം ഹസ്രക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വനിത മുഖ്യമന്ത്രിയെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress) സിലിഗുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
2019ൽ ബിജെപിയിൽ ചേർന്ന അനുപം ഹസ്രയെ അടുത്തിടെയാണ് ദേശീയ സെക്രട്ടറിയായി നിയമിച്ചത്. മുതിര്‍ന്ന സംസ്ഥാന നേതാവ് രാഹുൽ സിൻഹയെ തൽസ്ഥാനത്തുനിന്നും മാറ്റിയായിരുന്നു നടപടി.