ഇംഫാൽ: മണിപ്പൂരിൽ എംഎൽഎമാർ രാജിവെച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ ബിജെപി സർക്കാരിനെ രക്ഷിക്കാൻ നീക്കങ്ങളുമായി കേന്ദ്ര നേതൃത്വം.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്ന ഹിമന്ദ ബിശ്വ ശർമയേയും മേഘാലയ മുഖ്യമന്ത്രിയും എൻപിപി നേതാവുമായ കോൺറാഡ് സാങ്മയേയും ബിജെപി കേന്ദ്ര നേതൃത്വം മണിപ്പൂരിലേക്കയച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര പുരോഗമന മുന്നണി (എസ്.പി.എഫ്) രൂപീകരിച്ച് ഭരണംപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ബി ജെ പി യുടെ ഇടപെടൽ
കോൺറാഡ് സാങ്മയുടെ പാർട്ടിയായ എൻപിപിയുടെ മണിപ്പൂർ ഘടകമാണ് ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മൂന്നു ബി.ജെ.പി. എം.എൽ.എ.മാർ കോൺഗ്രസിൽ ചേരുകയും നാഷണൽ പീപ്പിൾ പാർട്ടിയിൽനിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂൽ എം.എൽ.എ.യും ഒരു സ്വതന്ത്ര എം.എൽ.എ.യും എൻ ബെരൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമവുകയായിരുന്നു.
എൻപിപിയുടെ എംഎൽഎമാരെ അനുയയിപ്പിക്കുന്നതിനാണ് കോൺറാഡ് സാങ്മയെ മണിപ്പൂരിലേക്കെത്തിച്ചിരിക്കുന്നത്. 2017-ൽ ഹിമന്ദ ബിശ്വ ശർമയും കോൺറാഡ് സാങ്മയും മണിപ്പൂരിലെത്തി ബിജെപിയുടെ നേത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിച്ചവരാണ്.
ബിജെപിക്കെതിരായ മണിപ്പൂരിലെ പാർട്ടിയുടെ നിലപാട് മേഘാലയിലും ബാധിക്കുമെന്ന ആശങ്കയും കോൺറാഡ് സാങ്മയ്ക്കുണ്ട്. അതുകൊണ്ടു തന്നെ എംഎൽഎമാരുടെ തീരുമാനം പിൻവലിപ്പിക്കാൻ അദ്ദേഹം പരിശ്രമിക്കുകയാണ്.
ഞായറാഴ്ച എൻപിപിയുടെ മണിപ്പൂർ ഘടകം സർക്കാരിന് പിന്തുണ പിൻവലിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് പ്രസ്താവന ഇറക്കി. ബിജെപി സർക്കാർ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാൻ വിസമ്മതിച്ചു, പൊതു മിനിമം പരിപാടികളില്ല,
സഖ്യകക്ഷികളുമായി കൂടിയാലോചനകളില്ല, രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ആലോചിച്ചല്ല തുടങ്ങിയ കാര്യങ്ങളാണ് എൻപിപി പിന്തുണ പിൻവലിക്കാൻ കാരണമായി നിരത്തുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യങ്ങൾ പരിഹരിക്കാനാകുമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടൽ ,
ഇതിനിടെ ഭരണം പിടിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകർ സമ്പർക്ക വിലക്കിലാണ്. എ.ഐ.സി.സി. വക്താവ് അജയ് മാക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗൗരവ് ഗൊഗോയി എന്നിവരാണ് സമ്പർക്ക വിലക്കിലുള്ളത്. ഇരുവരും വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെത്തിയത്.
ഇംഫാലിലെ ഹോട്ടലിലാണ് ഇരുവരും സമ്പർക്കവിലക്കിൽ കഴിയുന്നത്. കോവിഡ്-19 രോഗപരിശോധനകളും ഇവർക്കായി നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നിയന്ത്രണങ്ങൾ ലംഘിച്ച ഇരുവരെയും സംസ്ഥാന സർക്കാർ സമ്പർക്കവിലക്കിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ബി.ജെ.പി. യുടെ നിലപാട് എന്നാൽ, നേതാക്കൾ സ്വയം സമ്പർക്കവിലക്കിൽ കഴിയുകയാണെന്നാണ് കോൺഗ്രസ് വാദം.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്ഥാനത്തെത്തിച്ചേർന്ന കോൺഗ്രസ് നേതാക്കളെ സർക്കാർ സമ്പർക്കവിലക്കിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനാകാത്ത കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടാനാകില്ലെന്നും മാധവ് ട്വിറ്ററിൽ കുറിച്ചു. ഇതിനിടെ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.
ആദ്യം സ്പീക്കറെ അവിശ്വാസത്തിലൂടെ നീക്കം ചെയ്യുക പിന്നീട് മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം എന്നതാണ് കോൺഗ്രസ് തന്ത്രം. എന്നാൽ സമയം വൈകുന്തോറും ബി.ജെ. പി. പ്രതിസന്ധിയെ അതി ജീവിക്കുന്നതിനായുള്ള തന്ത്രങ്ങൾ മെനയുകയാണ്.
വടക്ക് കിഴക്കൻ മേഖലയിലെ ബിജെപി യുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഹിമന്ദ ബിശ്വ ശർമ്മ കളത്തിലിറങ്ങിയതോടെ ഇടഞ്ഞ് നിൽക്കുന്ന എം എൽ എ മാരെ അനുനയിപ്പിക്കാനാകും എന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി.