ന്യൂഡൽഹി: അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്ത സംഭവത്തിൽ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനെയും രണ്ട് വിങ് കമാൻഡർമാരെയുമാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. 2022 മാർച്ച് ഒമ്പതിനാണ് ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ തൊടുത്തത്. അന്വേഷണത്തിന് ശേഷം, സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി വ്യോമസേന പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഈ വർഷം മാർച്ച് ഒമ്പതിന് വൈകിട്ട് ഏഴ് മണിയോടെയാണ് ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിൽ പതിച്ചത്. രാജസ്ഥാനിലെ സിർസയിൽ നിന്ന് പറന്നുയർന്ന സൂപ്പർസോണിക് മിസൈൽ പാക് അതിർത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ ഖനേവാൾ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്. സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിച്ചത്. അതിനാൽ, വലിയ അപകടം ഒഴിവായി. സംഭവത്തിൽ, പാകിസ്ഥാൻ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു.
തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ ചുറ്റളവിൽ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് മിസൈൽ പതിച്ചതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. സ്‌ഫോടക വസ്തു ഇല്ലാത്തതിനാൽ മിസൈൽ പൊട്ടിത്തെറിച്ചില്ല. മിസൈൽ യാത്രാ വിമാനത്തിൽ പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും നിരവധി സാധാരണക്കാർ കൊല്ലെപ്പെടുമായിരുന്നുവെന്നും പാകിസ്ഥാൻ വ്യക്തമാക്കി. പാകിസ്ഥാനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...