ന്യൂഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന്‍റെ പരിധിയില്‍ പുരുഷന്‍മാരെ മാത്രം ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375, 376 വകുപ്പുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ പുരുഷനെ എല്ലായ്പ്പോഴും കുറ്റവാളിയായും സ്ത്രീയെ ഇരയായും കണക്കാക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. കുറ്റത്തിന്‍റെ പരിധിയില്‍ ലിംഗപരിഗണന ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സഞ്ജയ് കുമാറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ സ്ത്രീകളെ ഇരകളായും പുരുഷനെ കുറ്റവാളിയായും കണക്കാക്കുന്ന നിയമ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. പുരുഷകേന്ദ്രീകൃത സമൂഹമായതുകൊണ്ടാണ് ലൈംഗിക അതിക്രമം നേരിടുന്ന പുരുഷന്‍മാര്‍ ഇത്തരത്തിലുള്ള പരാതികളുമായി മുന്നോട്ട് വരാന്‍ മടിക്കുന്നതെന്നും ഹര്‍ജിയില്‍ സഞ്ജയ് കുമാര്‍ ഉന്നയിക്കുന്നു. അതേസമയം, സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വിരളമാണെന്നും ഹര്‍ജിയില്‍ സമ്മതിക്കുന്നുണ്ട്.
സ്ത്രീയാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഒരു പുരുഷന്‍ അവകാശപ്പെട്ടാല്‍ അയാളെ 'യഥാര്‍ത്ഥ പുരുഷന്‍'അല്ലെന്നു കരുതുന്ന യാഥാസ്ഥിതിക മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, ലിംഗത്തിന്‍റെ പേരില്‍ വിവേചനം പാടില്ലെന്ന ആര്‍ട്ടിക്കിള്‍ 15 എന്നിവ ചൂണ്ടിക്കാട്ടിയാണ് ലൈംഗികപീഡന കേസുകളില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിക്കാരന്‍റെ വാദം.
ഒക്ടോബര്‍ 23ന് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.