രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനിലയിലെ വർധനവ് സാധാരണയിൽ കൂടുതൽ ഉയരുന്നതിനാൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാർച്ച് ഒന്നുമുതൽ നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ഹ്യൂമൻ ഹെൽത്ത് (എൻപിസിസിഎച്ച്എച്ച്) എന്ന ദേശീയ പദ്ധതിയുടെ കീഴിൽ ചൂട് സംബന്ധമായ അസുഖങ്ങളുടെ ദൈനംദിന നിരീക്ഷണം നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകി. നിലവിലുള്ള പി-ഫോം ലെവൽ ലോഗിൻ ഉപയോഗിച്ച് എല്ലാ ആരോഗ്യ സൗകര്യങ്ങളും ഉറപ്പാക്കാനും നിർദ്ദിഷ്ട ഫോർമാറ്റുകൾ അനുസരിച്ച് കേസുകളുടെയും മരണങ്ങളുടെയും ലൈൻ ലിസ്റ്റുകൾ സൂക്ഷിക്കാനും കേന്ദ്രം നിർദേശിച്ചു.
"ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി പിന്തുടരണം. ചൂടിന്റെ ആഘാതം പരിഹരിക്കുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ സൗകര്യങ്ങളുടെയും ഫലപ്രദമായ തയ്യാറെടുപ്പിനായി ഈ മാർഗ്ഗനിർദ്ദേശ രേഖ നിങ്ങളുടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രചരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. റെക്കോർഡ് മെയിന്റനൻസ്, നിരീക്ഷണം തുടങ്ങിയവ ശക്തമാക്കണം" കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നത് ഉറപ്പാക്കാനും താപനില ക്രമീകരണത്തിനുള്ള ആസൂത്രണം നടത്തുന്നതിനും തപാനില നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനും പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
"സംസ്ഥാനത്തെ ആരോഗ്യ വകുപ്പുകൾ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരുടെ ബോധവൽക്കരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരണം. അത് നേരത്തെയുള്ള തിരിച്ചറിയൽ, മാനേജ്മെന്റ് എന്നിവയ്ക്ക് ഉപകരിക്കും. ഈ വിഷയങ്ങളിൽ എൻസിഡിസി വികസിപ്പിച്ചെടുത്ത പരിശീലന മാനുവലുകൾ ലഭ്യമാണ്. അവ പരിശീലനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം." രാജേഷ് ഭൂഷൺ വ്യക്തമാക്കി. അവശ്യ മരുന്നുകൾ, ഇൻട്രാവണസ് ഫ്ലൂയിഡുകൾ, ഐസ് പായ്ക്കുകൾ, ഒആർഎസ് തുടങ്ങി ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...