ശ്രീഹരിക്കോട്ട: ഇന്ത്യ ആവേശത്തോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്.
അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുളള പ്രമുഖര്‍ ചന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല.
പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എൽ.വി മാർക്ക് 3എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുൻകരുതലിന്‍റെ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയാണെന്നുമാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 2.51നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 2.51ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ, വെഹിക്കിൾ ഡയറക്ടറോട് നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും അവസാനവട്ട പരീക്ഷണങ്ങളിൽ കൂടുതൽ കൃത്യത വേണമെന്നു വിലയിരുത്തി ഇത് നീട്ടുകയായിരുന്നു. പിന്നീട് ഏപ്രിലിൽ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാൻഡറിൽ ചെറിയ തകരാറു കണ്ടെത്തിയതോടെ ഇതും മാറ്റിവച്ചു. ഏറ്റവുമൊടുവില്‍ ജൂലൈയിൽ 15ന് വിക്ഷേപണം നടത്തി സെപ്റ്റംബര്‍ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കും വിധമായിരുന്നു ഐ.എസ്.ആര്‍.ഒ പദ്ധതി തയ്യാറാക്കിയിരുന്നത്.
ഇനി സാങ്കേതിക തകരാർ പൂര്‍ണമായി പരിഹരിച്ച് അനുയോജ്യമായ ദിവസം കണ്ടെത്തി വിക്ഷേപണം നടത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്‍റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്.
നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു ഇന്ത്യ ചെലവഴിച്ചത്. നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.
അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്‍റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്‍റെ ദക്ഷിണധ്രുവപ്രദേശത്താണ്.
നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത്.
A technical snag was observed in launch vehicle system at 1 hour before the launch. As a measure of abundant precaution, #Chandrayaan2 launch has been called off for today. Revised launch date will be announced later.
— ISRO (@isro) July 14, 2019