പ്രതിഷേധത്തിന്‍റെ കറുപ്പണിഞ്ഞ് ചെന്നൈ; തമിഴരരുടെ ശക്തി അറിഞ്ഞ് മോദി

കറുത്ത വസ്ത്രങ്ങളണിഞ്ഞ് റോഡില്‍ പ്രതിഷേധിക്കുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരുണാനിധിയും കറുത്ത വസ്ത്രമണിഞ്ഞു

Last Updated : Apr 12, 2018, 01:16 PM IST
പ്രതിഷേധത്തിന്‍റെ കറുപ്പണിഞ്ഞ് ചെന്നൈ; തമിഴരരുടെ ശക്തി അറിഞ്ഞ് മോദി

ചെന്നൈ: തമിഴ് മക്കളുടെ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാവേരി വിഷയത്തില്‍ തമിഴ് ജനതയുടെ കരിങ്കൊടി പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ നിശ്ചയിച്ചിരുന്ന റോഡ്ഷോ നരേന്ദ്രമോദി ഒഴിവാക്കി. ഹെലികോപ്റ്ററിലാണ് മോദി ഡിഫന്‍സ് എക്സ്പോ വേദിയിലെത്തിയത്. 

മോദി വന്നിറങ്ങിയ ചെന്നൈ എയര്‍പോര്‍ട്ട് മുതല്‍ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ മോദി കടന്നു പോകാനിരുന്ന വഴിയില്‍ മുഴുവന്‍ കറുത്ത വസ്ത്രം ധരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുള്ളവരും എത്തിയതോടെ റോഡ് മാര്‍ഗമുള്ള യാത്ര മോദി ഒഴിവാക്കുകയായിരുന്നു. 

ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത മോദിക്കുള്ള സന്ദേശം കൂറ്റന്‍ ബലൂണില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ എഴുതിക്കാണിച്ചു. ഗോ ബാക്ക് മോദി എന്നെഴുതിയുള്ള കൂറ്റന്‍ ബലൂണാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ചലച്ചിത്ര സംവിധായകരായ ഭാരതിരാജ, അമീര്‍, വെട്രിമാരന്‍, ഗൗതമന്‍ എന്നിവരും എയര്‍പോര്‍ട്ടിലെത്തി മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

അതിനിടെ ചെന്നൈ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന മോദിയ്ക്കായി പ്രത്യേക റോഡ് ഒരുക്കിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഐടി മദ്രാസിലാണ് മോദിക്കായി ഹെലിപാഡ് തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് ചെന്നൈ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രധാന റോഡ് ഒഴിവാക്കി പോകുന്നതിനാണ് പ്രത്യേക റോഡ് അടയന്തരമായി ഒരുക്കിയത്. 

ട്വിറ്ററിലും തമിഴ് പ്രതിഷേധം ശക്തമാണ്. ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. കറുത്ത വസ്ത്രങ്ങളണിഞ്ഞ് റോഡില്‍ പ്രതിഷേധിക്കുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരുണാനിധിയും കറുത്ത വസ്ത്രമണിഞ്ഞു. അസുഖബാധിതനെങ്കിലും പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് കരുണാനിധി ഫോട്ടോ പങ്കു വച്ചത് ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചത്. ഡിഎംകെയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. 

സിപിഐ, സിപിഎം, കോണ്‍ഗ്രസ്, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികള്‍ക്കൊപ്പമായിരുന്നു ഡിഎംകെയുടെ വമ്പന്‍ പ്രതിഷേധ റാലി. അതേസമയം രാജ്ഭവന് മുന്നിലായിരുന്നു എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയുടെ പ്രതിഷേധം. നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമലഹാസനും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്ന് വീഡിയോ പങ്കു വച്ചു. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി ഒരു വീഡിയോയും കമലഹാസന്‍ പങ്കു വച്ചു. 

Trending News