എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ഇത് ബിജെപിയല്ല!!

ബി എസ് പി അദ്ധ്യക്ഷ മായാവതി കലിപ്പിലാണ്. ഒറ്റയടിക്ക് 6 എംഎല്‍മാരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

Last Updated : Sep 17, 2019, 05:40 PM IST
എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ഇത് ബിജെപിയല്ല!!

ന്യൂഡല്‍ഹി: ബി എസ് പി അദ്ധ്യക്ഷ മായാവതി കലിപ്പിലാണ്. ഒറ്റയടിക്ക് 6 എംഎല്‍മാരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

"ചതിയന്‍മാര്‍" എന്നായിരുന്നു എംഎല്‍എമാരെയും കോണ്‍ഗ്രസിനേയും മായാവതി വിശേഷിപ്പിച്ചത്.

"കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും അംബേദ്കറിനും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രത്തിനും എതിരാണ്. അതിനാലാണ് അംബേദ്കറിന് രാജ്യത്തെ ആദ്യത്തെ നിയമമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഒരിക്കലും ഒരു ഭാരതരത്‌ന ബഹുമതി നല്‍കിയില്ല, അത് ദു:ഖകരവും ലജ്ജാകരവുമാണ്,” മായാവതി ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ കോണ്‍ഗ്രസ്, ബി.എസ്.പി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വിശ്വാസവഞ്ചനയും ചതിയും ഒരിക്കല്‍ കൂടി നടത്തിയിരിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. കടുത്ത എതിരാളികളോട് പോരാടുന്നതിനുപകരം, അവരെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ എല്ലായ്‌പ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്‌ എന്നും മായാവതി ആരോപിച്ചു.

ബിഎസ്‍പി എംഎല്‍എമാരുടെ കൂറുമാറ്റത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ചുക്കാന്‍ പിടിച്ചത് എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ മായാവതിയുടെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എത്തി. 

കോണ്‍ഗ്രസില്‍ ചേരാനുള്ള ബിഎസ്പി എം എല്‍ എമാരുടെ തീരുമാനം തികച്ചും സ്വകാര്യമാണെന്നും കോണ്‍ഗ്രസില്‍ നിന്നുള്ള യാതൊരു സമ്മര്‍ദ്ദവും അവരുടെമേല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
കോണ്‍ഗ്രസ് ബിജെപിയെപ്പോലെയല്ലയെന്നും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അവരുടേതായിരുന്നു, അതില്‍ ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്നായിരുന്നു അശോക് ഗെലോട്ട് അവകാശപ്പെട്ടത്.

"ബിഎസ്പി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ഒരുപക്ഷെ ബിജെപി ശ്രമിച്ചിരിക്കാം. പക്ഷേ ഞങ്ങള്‍ ബിജെപിയെപ്പോലെയല്ല. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ത്തു. അവര്‍ കൂട്ടായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളില്‍ ആരും ബിഎസ്പി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള തീരുമാനം അവര്‍ സ്വന്തമായി എടുത്തതാണ്", -അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

രാജേന്ദ്ര ഗുഡ്ഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി കാണിച്ച്‌ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബി.എസ്.പിയുടെ 6 എംഎല്‍എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ഈ 12 സ്വതന്ത്ര എംഎല്‍എമാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

എന്തായാലും ബിജെപിയിലേയ്ക്ക് മാത്രമല്ല, കോണ്‍ഗ്രസിലേയ്ക്കും കൂറുമാറാന്‍ തയ്യാറാണ് എംഎല്‍എമാര്‍ എന്ന് തെളിയിച്ചിരിക്കുകയാണ് രാജസ്ഥാന്‍!!

 

Trending News