കോവിഡ് ആരോപിച്ച്‌ ചികിത്സിച്ചില്ല, ഒന്നര വയസുകാരന് ദാരുണാന്ത്യം...

  ക്രൂരതയുടെ പര്യായമായി മാറുകയാണ് ഉത്തര്‍ പ്രദേശിലെ ചില  ആശുപത്രികള്‍...  

Last Updated : Jun 30, 2020, 05:20 PM IST
കോവിഡ് ആരോപിച്ച്‌ ചികിത്സിച്ചില്ല, ഒന്നര വയസുകാരന് ദാരുണാന്ത്യം...

ലഖ്നൗ :  ക്രൂരതയുടെ പര്യായമായി മാറുകയാണ് ഉത്തര്‍ പ്രദേശിലെ ചില  ആശുപത്രികള്‍...  

ഏവരുടെയും കരളലയിക്കുന്ന സംഭവമാണ്  ഉത്ത‌ര്‍പ്രദേശിലെ കനൗജയില്‍ കഴിഞ്ഞ ദിവസം നടന്നത്.   പനിമൂലം  ആശുപത്രിയില്‍ എത്തിച്ച ഒന്നര വയസുകാരനെ കോവിഡ് പേടിയില്‍ ഒന്ന് തൊട്ടുനോക്കാന്‍ പോലും ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ല.   സമയത്ത്  ചികിത്സ കിട്ടാതെ മരിച്ച പിഞ്ചുകുഞ്ഞിന്‍റെ  മൃതദേഹം കെട്ടിപ്പിടിച്ച്‌ ആശുപത്രി വരാന്തയില്‍ കിടന്ന് നെഞ്ച് പൊട്ടി നിലവിളിക്കുന്ന പിതാവും അടുത്തിരുന്ന് വിലപിക്കുന്ന മാതാവും കണ്ണീരണിയിക്കുന്ന ചിത്രമായി.

കുട്ടിക്ക് പനിയും കഴുത്തില്‍ വീക്കവും കണ്ടതിനെത്തുടര്‍ന്നാണ് മാതാപിതാക്കളായ പ്രേംചന്ദും ആശാദേവിയും ഒന്നരവയസുകാരനെയുമെടുത്ത് അടുത്തുള്ള സര്‍ക്കാര്‍  ആശുപത്രിയില്‍ എത്തിയത്.  എന്നാല്‍, കോവിഡാണെന്ന ഭയത്താല്‍   കുഞ്ഞിനെ പരിശോധിക്കാന്‍പോലും  തയാറാകാതെ ഡോക്ടര്‍മാര്‍ 90 കിലോമീറ്റര്‍ അകലെ  കാണ്‍പൂരിലെ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്ക് ഒ.പി.ടിക്കറ്റ് പോലും നല്‍കാന്‍ വിസമ്മതിച്ചതായി  ദൃക്സാക്ഷികള്‍ പറയുന്നു. 

ദരിദ്രനായ തനിക്ക് സ്വകാര്യ വാഹനമോ ആംബുലന്‍സോ വിളിക്കാന്‍ പണമില്ലെന്ന് പ്രേംചന്ദ്  പറയുന്നുണ്ടായിരുന്നു. ലോക്ക്ഡൗണിനിടെ നടന്നോ ബസിലോ അത്രദൂരം സഞ്ചരിച്ചാല്‍ കുഞ്ഞിന് ആപത്തുണ്ടാകുമെന്ന് ഭയന്ന്  ഡോക്ടറുടെ കാല് പിടിച്ച്‌ മാതാപിതാക്കള്‍ യാചിച്ചിട്ടും അധികൃതര്‍ കനിഞ്ഞില്ല. ഇതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി.  ശ്വാസം നിലച്ച കുഞ്ഞിനെയും കെട്ടിപ്പിടിച്ച്‌ ആശുപത്രി വരാന്തയില്‍ കിടന്ന് പ്രേംചന്ദ് പൊട്ടിക്കരഞ്ഞു. ഇതിനിടെ സംഭവം  കാഴ്ചക്കാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ അവസാനം ചികിത്സ നല്‍കാന്‍  തയാറായപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ദൃശ്യം സമൂഹിക മാധ്യമങ്ങളില്‍  പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Trending News