അമരാവതി: ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയായ റയല ചെരിവിൽ (Rayala Cheruvu) വിള്ളൽ. തിരുപ്പതിക്ക് സമീപമാണ് റയല ചെരിവ്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച (Crack) കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള ജലസംഭരണിയാണ് (Reservoir) റയല ചെരിവ്.
ജലസംഭരണി അപകടാവസ്ഥയിലാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 18 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചത്. റയല ചെരുവിലേക്ക് നീരൊഴുക്ക് തുടരുകയാണ്. ടാങ്കിന് ചുറ്റുമുള്ള ബണ്ടുകളിൽ വിള്ളലുകൾ ഉണ്ടായ സാഹചര്യത്തിൽ സംഭരണിയിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.
ALSO READ: Andhra Flood | ആന്ധ്രയിൽ മഴക്കെടുതി രൂക്ഷം; റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും
ജില്ലയിലെ പ്രളയക്കെടുതിക്ക് മേൽനോട്ടം വഹിക്കാൻ സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തിയ മുതിർന്ന ഉദ്യോഗസ്ഥൻ പി.എസ്. പ്രദ്യുമ്‌ന, കളക്ടർ ഹരിനാരായണ, തിരുപ്പതി അർബൻ എസ്.പി വെങ്കട നായിഡു എന്നിവർ ഞായറാഴ്ച രാവിലെ റയല ചെരുവിലെത്തി പരിശോധന നടത്തി. ബണ്ടുകൾ പരിശോധിച്ചപ്പോൾ നാലിടങ്ങളിൽ ചോർച്ച കണ്ടെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയ്ക്ക് ശമനമുണ്ട്. എന്നാൽ തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹൈവേകളും ഗ്രാമീണ റോഡുകളും തകർന്ന് കിടക്കുകയാണ്. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വിവിധ ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
റയല ചെരുവ് ജലസംഭരണിയിൽ ഇപ്പോൾ 0.9 ടിഎംസി അടി വെള്ളമുണ്ടെന്നും, ഇത് സംഭരണശേഷിയേക്കാൾ വളരെ കൂടുതലാണെന്നും സ്‌പെഷ്യൽ ഓഫീസർ പ്രദ്യുമ്‌ന പറഞ്ഞു.
ALSO READ: Andhra Flood | വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി
ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ചുറ്റുമുള്ള 18 ഗ്രാമങ്ങളിലെയും വാസസ്ഥലങ്ങളിലെയും താമസക്കാരോട് സ്ഥലം ഒഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു. ജലസംഭരണിയുടെ ചോർച്ചയിൽ ആശങ്ക വേണ്ടെന്ന് എഞ്ചിനീയറിങ് വിദഗ്ധർ അറിയിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...