ന്യൂഡെല്‍ഹി:കഴിഞ്ഞ നാല്‍പ്പത് മണിക്കൂറായി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കലാപവുമായി ബന്ധപെട്ട് 514 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.അഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി,ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഡല്‍ഹി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അഭ്യന്തരമന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയും നിലവിലെ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നു എന്നാണ് അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.കലാപ ബാധിത മേഖലയില്‍ കര്‍ഫ്യുവില്‍ 10 മണിക്കൂര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.കലാപവുമായി ബന്ധപെട്ട് 46 എഫ്ഐആറുകള്‍ ഡല്‍ഹി പോലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൂടുതല്‍ അന്വേഷണം നടത്തുകയും ആവശ്യമാണെങ്കില്‍ കൂടുതല്‍ എഫ്ഐആറുകള്‍ രെജിസ്റ്റര്‍ ചെയ്യുമെന്നും കൂടുതല്‍ പേരെ അറെസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.കലാപത്തില്‍ അന്വേഷണം നടത്തുന്നതിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ എഴായിരത്തോളം അര്‍ദ്ധസൈനികവിഭാഗത്തിലെ സൈനികരെ വിന്യസിച്ചിട്ടുണ്ട്.ഡല്‍ഹി പോലീസിലെ മൂന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ മാര്‍,6 ജോയിന്റ് കമ്മീഷണര്‍ മാര്‍,ഒരു അഡീഷണല്‍ കമ്മീഷണര്‍ 22 ഡിസിപി മാര്‍ 20 എസിപി മാര്‍,60 ഇന്‍സ്പെക്ടര്‍ മാര്‍,1200 പോലീസുദ്യോഗസ്ഥര്‍,200 വനിതാ പോലീസ് എന്നിവരെ കമ്മീഷണറുടെ നേതൃത്വത്തില്‍ കലാപം നിയന്ത്രിക്കുന്നതിനും ജനജീവിതം സാധാരണ നിലയിലാക്കുന്നതിനുമായി കലാപ ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി പോലീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്ത് വിട്ടിട്ടുണ്ട്,22829334,22829335 എന്നീ നമ്പരുകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപെടാമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുന്നൂറ്റി മുപ്പതോളം സമാധാന യോഗങ്ങള്‍ വ്യത്യസ്ത ജില്ലകളില്‍ ചേരുന്നതിന് കഴിഞ്ഞെന്നും പോലീസ് അറിയിച്ചു.സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആകുന്നത് വരെ ഇത്തരം സമാധാന യോഗങ്ങള്‍ തുടരുന്നതിന് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.