Kamal Haasan: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കരുത്; പ്രതിപക്ഷത്തോട് കമല്‍ഹാസന്‍

New Parliament Building Row: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിനുള്ള അവസരമാക്കാണമെന്ന് കമൽ ഹാസൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 09:20 PM IST
  • ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 21 പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു.
  • ചടങ്ങിലേയ്ക്ക് രാഷ്ട്പതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
  • മെയ് 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക.
Kamal Haasan: പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കരുത്; പ്രതിപക്ഷത്തോട് കമല്‍ഹാസന്‍

ചെന്നൈ: മെയ് 28 ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികളോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടി ദേശീയ ഐക്യത്തിനുള്ള അവസരമാക്കാണമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു ദിവസത്തേയ്ക്ക് മാറ്റിവെച്ച് പ്രതിപക്ഷ പാര്‍ട്ടികളോട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് കമല്‍ ഹാസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഭവനത്തില്‍ അതിലെ എല്ലാ കുടുംബാംഗങ്ങളും താമസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത ജനാധിപത്യത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട്. അതിനാല്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച എല്ലാ പ്രതിപക്ഷ കക്ഷികളോടും പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെടുകയാണെന്നും ചടങ്ങുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരസ്യമായി ഉന്നയിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ALSO READ: ആക്രമണം നടത്താൻ പദ്ധതിയിട്ടു; ഐഎസ് ബന്ധമുള്ള 3 പേർ പിടിയിൽ, 13 ഇടത്ത് റെയ്ഡ്

പ്രതിപക്ഷത്തെ വിഭജിക്കുന്നതിനേക്കാള്‍ അവരെ ഒന്നിപ്പിക്കുന്ന കാര്യങ്ങള്‍ വേറെയുമുണ്ട് എന്ന് കമല്‍ഹാസന്‍ ഓര്‍മ്മിപ്പിച്ചു. രാജ്യം മുഴുവന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്. ലോകം മുഴുവന്‍ നമ്മിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കുകയാണ് വേണ്ടത്. ദേശീയ താത്പ്പര്യമാണ് താന്‍ ഇക്കാര്യത്തില്‍ കണക്കിലെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കാത്തതിനെ കമല്‍ഹാസന്‍ ചോദ്യം ചെയ്തു. അഭിമാനമായി മാറേണ്ട നിമിഷത്തെ കേന്ദ്രസര്‍ക്കാര്‍ വിഭജനത്തിനുള്ള അവസരമായാണ് കാണുന്നത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി തന്നെ രാജ്യത്തെ പൗരന്‍മാരോട് പറയണം. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രപതി ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാതിരിക്കാനുള്ള കാരണമൊന്നും താന്‍ കാണുന്നില്ലെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ചടങ്ങിന് ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പുതിയ പാര്‍ലമെന്റ് എന്നാല്‍ കേവലം ഒരു സാധാരണ കെട്ടിടമല്ല, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭവനമാണ്. രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നതിലൂടെ ചരിത്രത്തില്‍ ഗുരുതരമായ പിഴവായി രേഖപ്പെടുത്തിയേക്കാവുന്ന ഈ സാഹചര്യം ഒഴിവാക്കണമെന്നും അത് തിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. 

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചിരിക്കുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് രാഷ്ട്രപതിയുടെ ഉന്നതപദവിയെ അപമാനിക്കുകയും ഭരണഘടനയുടെ മൂല്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന നടപടിയാണ് എന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 

മെയ് 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സിപിഐ (എം) എന്നിവര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ ആകെ 21 പാര്‍ട്ടികളാണ് തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക.

2020 ഡിസംബര്‍ 10 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. ഗുണനിലവാരം നിലനിര്‍ത്തി റെക്കോര്‍ഡ് സമയം കൊണ്ടാണ് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News