പിതാവ് നടപ്പിലാക്കിയ നിയമത്തില്‍ കുടുങ്ങി മകന്‍!!

പിതാവ് നടപ്പിലാക്കിയ നിയമത്തില്‍ മകന്‍ കുടുങ്ങി. ജമ്മു-കശ്മീരില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്!!

Last Updated : Sep 16, 2019, 06:59 PM IST
പിതാവ് നടപ്പിലാക്കിയ നിയമത്തില്‍ കുടുങ്ങി മകന്‍!!

ന്യൂഡല്‍ഹി: പിതാവ് നടപ്പിലാക്കിയ നിയമത്തില്‍ മകന്‍ കുടുങ്ങി. ജമ്മു-കശ്മീരില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്!!

ജമ്മു-കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത് പിതാവ് ഷെയ്ക്ക് അബ്ദുള്ള പ്രാബല്യത്തില്‍ വരുത്തിയ പൊതു സുരക്ഷാ നിയമമാണ്.

ജമ്മു-കശ്മീര്‍ മാത്രമാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നത് എന്നതാണ് ഈ നിയമത്തിന്‍റെ പ്രത്യേകത.   1978ലാണ് ഈ നിയമം പാസാക്കുന്നത്. സംസ്ഥാനത്തിന്‍റെ പൊതു സുരക്ഷക്ക് ഭീഷണിയാവുന്നവരെന്ന് കരുതുന്നവരെ രണ്ട് വര്‍ഷത്തോളം വിചാരണയില്ലാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം!!

ഞായറാഴ്ച രാത്രിയാണ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ ചുമത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന. സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു നടപടി. 

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഫറൂഖ് അബ്ദുള്ളയില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം. ശ്രീനഗറിലെ അദ്ദേഹത്തിന്‍റെ സ്വവസതി ഇപ്പോള്‍ 83കാരനായ ഫറൂഖ് അബ്ദുള്ളയുടെ തടവറയാണ്!!

ജമ്മു-കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അന്യായ തടങ്കലിനെതിരെ എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയായിരുന്നു കശ്മീര്‍ ഭരണകൂടം ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.

ഫറൂഖ് അബ്ദുള്ളയടക്കമുള്ളവ കശ്മീരിലെ പ്രാദേശിക നേതാക്കളുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന രേഖകളില്ലെങ്കില്‍ സുപ്രീംകോടതിയില്‍ കേന്ദ്രത്തിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇത്തരമൊരു നീക്കംമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടെ നിരവധി നേതാക്കന്മാരാണ് കഴിഞ്ഞ മാസം മുതല്‍ അറസ്റ്റിലും വീട്ടുതടങ്കലിലുമായി കഴിയുന്നത്. 
 
ജമ്മു-കശ്മീരില്‍ ഷെയ്ക്ക് അബ്ദുള്ള സര്‍ക്കാറിന്‍റെ കാലത്ത് 1978ലാണ് പി.എസ്.എ ആദ്യമായി പ്രഖ്യാപിക്കുന്നത്. രണ്ടുവര്‍ഷംവരെ വിചാരണയില്ലാതെ തടവില്‍ വെയ്ക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. മരങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ ഈ നിയമം പിന്നീട് കശ്മീരിലെ യുവാക്കള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുകയായിരുന്നു!!

2010ല്‍ ഈ നിയമം ഭേദഗതി ചെയ്യുകയും ചില വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തു. ആദ്യമായി കസ്റ്റഡിയുടെ കാലാവധി ആറുമാസമാക്കി ചുരുക്കി. എന്നിരുന്നാലും ‘കസ്റ്റഡിയില്‍ കഴിയുന്നയാളുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ലെങ്കില്‍ ‘ രണ്ടുവര്‍ഷംവരെ തടവിലിടാമെന്നും വ്യവസ്ഥയുണ്ട്!!

 

Trending News