സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് ശിക്ഷയും പിഴയും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏറെ നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവിച്ചത്.  

Last Updated : Feb 12, 2019, 01:29 PM IST
സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിന് ശിക്ഷയും പിഴയും

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വരറാവുവിനെ കോടതിലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. 

കോടതിപിരിയും വരെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതോടൊപ്പം ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏറെ നിര്‍ണായകമായ കേസില്‍ വിധി പ്രസ്താവിച്ചത്.

ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ് നാഗേശ്വരറാവുവിനെതിരായ ശിക്ഷയിലേക്ക് നയിച്ചത്. കേസില്‍ ഫെബ്രുവരി ഏഴിന് വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചിരുന്നു. 

സുപ്രീംകോടതി ഉത്തരവ് മറികടന്ന് സി.ബി.ഐ. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവഗുരുതര നടപടിയാണെന്നും സുപ്രീംകോടതി ഉത്തരവ് കൊണ്ട് കളിക്കരുതെന്നും ചീഫ് ജസ്റ്റിസ് അന്ന് പരാമര്‍ശവും നടത്തിയിരുന്നു.

ഫെബ്രുവരി 12-ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. വേണുഗോപാലാണ് നാഗേശ്വരറാവുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. 

നാഗേശ്വരറാവുവിന്റെ നടപടി തെറ്റാണെന്ന് അംഗീകരിച്ച അദ്ദേഹം സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നതായും കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ ചീഫ് ജസ്റ്റിസ് കേസില്‍ നാഗേശ്വരറാവുവിനെതിരേ ശിക്ഷവിധിക്കുകയായിരുന്നു.

കോടതി അലക്ഷ്യത്തിന് നിരുപാധികം മാപ്പുപറഞ്ഞിട്ടും നാഗേശ്വര റാവുവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു കോടതി. കോടതി അലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് അഭിഭാഷകന്‍ മറുപടി ഒന്നും നല്‍കിയില്ല.

മുന്‍ സിബിഐ ജോയന്റ് ഡയറക്ടറായ എ കെ ശര്‍മയെയാണ് സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര്‍ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയാണ് സുപ്രീംകോടതിയുടെ ഈ വിധി.

Trending News