Haryana Nuh Violence: കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്. ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
നുഹ് ജില്ലയിലുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു.
നുഹിലുണ്ടായ സംഘര്‍ഷം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും NIA അന്വേഷണം വേണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 16 കമ്പനി അർദ്ധസൈനിക സേനയെയും 30 ഹരിയാന പോലീസിനെയും നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും 44 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യുകയും 70 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
Alo Read: സ്പീക്കറിന് നല്ലത് വരാൻ കരയോഗം പ്രസിഡൻറിൻറെ ശത്രു സംഹാരാർച്ചന; നാമജപ സംഗമം മറ്റൊരു വശത്ത്
മുൻകരുതൽ നടപടിയെന്ന നിലയിൽ, നുഹിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമീപ ജില്ലകളിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണ്. സമാധാനവും ശാന്തതയും സാഹോദര്യവും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി എം എൽ ഖട്ടര്‍ പറഞ്ഞു.
അതേസമയം, നുഹ് കലാപത്തില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഇരു തട്ടിലാണ്. കലാപത്തിന് യാത്രയുടെ സംഘാടകർ ഉത്തരവാദികളാണെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിനെ (VHP) രൂക്ഷമായി വിമർശിക്കുകയും യാത്രയുടെ സംഘാടകർ പൂർണ്ണമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയില്ലെന്നും പറഞ്ഞു. 5 പേർ കൊല്ലപ്പെടുകയും 120 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഘർഷത്തിന് ഉത്തരവാദി യാത്രയുടെ സംഘാടകരാണെന്നും ദുഷ്യന്ത് ആരോപിച്ചു.
എന്നാല്‍, നുഹില്‍ ഉണ്ടായ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അതായത്, നുഹ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗുരുഗ്രാമിലും സ്ഥിതി വഷളായി. ഗുരുഗ്രാമിലും കടകളും വാഹനങ്ങളും തീവച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഗുരുഗ്രാം പോലീസ് അഭ്യർത്ഥിച്ചു. നഗരത്തിലെ ക്രമസമാധാന നില തകർക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ 112 ഡയൽ ചെയ്യാനും ഗുരുഗ്രാം പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...