ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഐഎംഡിയുടെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം മേധാവി കെ എൻ മോഹൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുമെന്ന് കെ എൻ മോഹൻ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പകൽസമയത്തെ പരമാവധി താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ സെൽഷ്യസ് കൂടുതലാണെന്ന് ഐഎംഡി ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഞായറാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് അഗർത്തലയിലാണ്. 38.9 ഡിഗ്രി സെൽഷ്യസാണ് അഗർത്തലയിൽ രേഖപ്പെടുത്തിയത്. ഗുവാഹത്തിയിൽ 37.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
സിൽച്ചാറിൽ 37.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ധുബ്രിയിൽ 36.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഐസ്വാൾ 35.7 ഡിഗ്രി സെൽഷ്യസ് തേസ്പൂർ 35.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ താപനില. സാധാരണ താപനിലയിൽ നിന്ന് ഏറ്റവും വലിയ വ്യതിയാനം (6.5 ഡിഗ്രി സെൽഷ്യസ്) ഗുവാഹത്തിയിലാണ് ഉണ്ടായത്.
ഗുവാഹത്തിക്ക് പുറമെ ദിബ്രുഗഡ്, നോർത്ത് ലഖിംപൂർ, അഗർത്തല എന്നിവിടങ്ങളിലും താപനില ആറ് ഡിഗ്രിയോളം വർധിച്ചു. മേഖലയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ ഷില്ലോങ്ങിലും സാധാരണയേക്കാൾ 3.6 ഡിഗ്രി സെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വരണ്ട കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഐഎംഡിയുടെ പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും എന്നാൽ നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ പകൽ സമയത്ത് കാലാവസ്ഥ വരണ്ടതായിരിക്കുമെന്നും ഐഎംഡി വ്യക്തമാക്കുന്നു. കേരളത്തിലും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് 40 ഡിഗ്രിക്കടുത്ത് ചൂട് രേഖപ്പെടുത്തി. കേരളത്തിലെ കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...