കേരളവും ഹിമാചലും തിരഞ്ഞെടുപ്പിൽ ഒരുപോലെയാണ്; പരമ്പരാഗത എതിരാളികൾ മാത്രം മാറും

ഇടതുവലതുമുന്നണികളെ മാറി മാറി വരിക്കുന്ന കേരളത്തിന്റെ രീതി ഇക്കുറി തെറ്റി.ഈ സമാനത മുപ്പത്തിയേഴു വർഷം മുമ്പ് ഹിമാചലിലും സംഭവിച്ചു

Written by - ടി.പി പ്രശാന്ത് | Edited by - M.Arun | Last Updated : Nov 4, 2022, 03:08 PM IST
  • 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ ബിജെപിക്ക് 44 സീറ്റുകളും കോൺഗ്രസിന് 21 ഉം
  • നവംബർ 12നാണ് വോട്ടെടുപ്പ്
  • നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന് ശേഷം 68 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 413 സ്ഥാനാർത്ഥികൾ
കേരളവും ഹിമാചലും തിരഞ്ഞെടുപ്പിൽ ഒരുപോലെയാണ്; പരമ്പരാഗത എതിരാളികൾ മാത്രം മാറും

മനംമയക്കുന്ന കാഴ്ച്ചകളും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വിനോസഞ്ചാരികൾക്കായി കരുതിവച്ചിട്ടുള്ള ഹിമാചൽ പ്രദേശിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കേരളത്തിന്റേതിനു സമാനമാണ്. ബിജെപിയും കോൺഗ്രസുമാണ് അധികാരത്തിനായുള്ള പരമ്പരാഗത എതിരാളികൾ.

അഞ്ചുവർഷം കൂടുമ്പോൾ ഇടതുവലതുമുന്നണികളെ മാറി മാറി വരിക്കുന്ന കേരളത്തിന്റെ രീതി ഇക്കുറി തെറ്റിയിരുന്നു.ഈ സമാനത മുപ്പത്തിയേഴു വർഷം മുമ്പ് ഹിമാചലിലും സംഭവിച്ചിരുന്നു.അതായത് 1985-ൽ വീർഭദ്ര സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഹിമാചൽ പ്രദേശിൽ തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

Also ReadCoimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: സ്‌ഫോടനത്തിൽ വൻ ഗൂഢാലോചന; ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര!

പിന്നീടങ്ങോട്ട് മാറിമാറിയാണ് ബിജെപി - കോൺഗസ് സർക്കാരുകൾ ഈ മലയോര സംസ്ഥാനം ഭരിച്ചത്. ഇക്കുറി അധികാരത്തിലുള്ള ബിജെപി മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ നേതൃത്വത്തിൽ തുടർ ഭരണത്തിനുള്ള സാധ്യതകൾ തേടുകയാണ്. എന്നാൽ വീർഭദ്ര സിങ്ങിന്റെ കുടുംബത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നീക്കങ്ങൾ.പതിവിൽ നിന്ന് വ്യത്യസ്തമായ ആം ആദ്മി കളത്തിലിറങ്ങിയതും പത്ത് മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർത്ഥികളുടെ സാന്നിധ്യവും ഇക്കുറി ഹിമാചൽ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയേക്കാം. 

68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ ബിജെപിക്ക് 44 സീറ്റുകളും കോൺഗ്രസിന് 21 ഉം സിപിഎമ്മിന് ഒന്നും മറ്റുള്ളവർക്ക് 2 ഉം സീറ്റുകളാണുള്ളത്. നവംബർ 12നാണ് വോട്ടെടുപ്പ് . നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന് ശേഷം 68 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 413 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

ബിജെപിയിൽ നിന്ന് 21 വിമതരും കോൺഗ്രസിലെ ഒൻപത് വിമതരും നാമനിർദ്ദേശ പത്രിക പിൻവലിച്ചില്ല. അഞ്ചിലൊന്ന് സീറ്റുകളിൽ, കോൺഗ്രസും ബിജെപിയും ടിക്കറ്റ് നിഷേധിച്ച അസന്തുഷ്ടരായ മുൻ മന്ത്രിമാരും എംപിമാരും  നിലവിലെ ചില നിയമസഭാംഗങ്ങളും  മത്സരിക്കാനിങ്ങുമ്പോൾ ബിജെപിക്കും കോൺഗ്രസിനും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Also Read:   Delhi air Pollution: കാറ്റ് രക്ഷയ്ക്കെത്തി, ഡല്‍ഹിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നു

ബിജെപി വിമതർ

ബഞ്ചറിൽ നിന്നുള്ള മഹേശ്വർ സിങ്ങിന്റെ മകൻ ഹിതേശ്വർ സിംഗ്, അനിയിൽ നിന്നുള്ള എംഎൽഎ കിഷോരി ലാൽ സാഗർ, ഡെഹ്‌റയിൽ നിന്നുള്ള എംഎൽഎ ഹോഷിയാർ സിംഗ്, നളഗഡിൽ നിന്നുള്ള മുൻ എംഎൽഎ കെ എൽ താക്കൂർ, മുൻ എംഎൽഎ മനോഹർ ധിമാൻ, മുൻ എംഎൽഎ മനോഹർ ധിമാൻ എന്നിവർ നാമനിർദ്ദേശ പത്രിക പിൻവലിക്കാത്ത ബിജെപി നേതാക്കളിൽ ഉൾപ്പെടുന്നു. മറ്റൊരു മുൻ ബിജെപി എംപി കിർപാൽ സിംഗ് പാർമർ ഫത്തേപൂരിൽ വിമതനായി.

ചമ്പ സദർ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇന്ദിര കപൂറും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. ഇൻഡോറയിൽ നിന്ന്, കിന്നൗറിലെ മുൻ ബിജെപി എംഎൽഎ തേജ്വന്ത് നേഗി, മുൻ മന്ത്രി രൂപ് സിങ് താക്കൂറിന്റെ മകൻ അഭിഷേക് താക്കൂർ, സുന്ദരനഗർ, സുഭാഷ് ശർമ ബിലാസ്പൂർ, പ്രവീൺ ശർമ, മാണ്ഡി സദറിൽ നിന്നുള്ള ബിജെപി നേതാവ് രാം സിങ്.

നചൻ ഗ്യാൻ ചന്ദിൽ നിന്നുള്ള കുളു സദർ,  വിപിൻ നൈഹാരിയ, ധർമശാലയിൽ നിന്ന് അനിൽ ചൗധരി, കാൻഗ്രയിൽ നിന്ന് കുൽഭാഷ് ചൗധരി, മണാലിയിൽ നിന്ന് മഹേന്ദ്ര സിംഗ് താക്കൂർ, ബദ്‌സറിൽ നിന്ന് സഞ്ജീവ് ശർമ, ഹമീർപൂരിൽ നരേഷ് ദർദി, ഭോരഞ്ജിൽ നിന്ന് പവൻ കുമാർ, റോഹ്രുവിൽ നിന്ന് രാജേന്ദ്ര ദിർത്ത എന്നിവർ നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ല. 

കോൺഗ്രസ് വിമതർ

കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് രണ്ട് മുൻ മന്ത്രിമാരും 7 മുൻ എം‌എൽ‌എമാരും വിമതരായി രംഗത്തുണ്ട്.പച്ചാഡിൽ, മുൻ മന്ത്രിയും ഏഴ് തവണ എംഎൽഎയുമായ ഗംഗു റാം മുസാഫിർ, ചിന്ത്പൂർണിയെ പ്രതിനിധീകരിച്ച്  നാല് തവണ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന കുൽദീപ് കുമാർ,സുള്ളയിൽ നിന്ന് ജഗ്ജീവൻ പാൽ, ചോപ്പാലിൽ നിന്ന് സുഭാഷ് മംഗ്‌ലെറ്റ്, ബിലാസ്പൂരിൽ നിന്ന് തിലക് രാജ്, ഝന്ദൂട്ടയിൽ നിന്ന് ബിരു റാം കിഷോർ, തിയോഗിൽ നിന്ന് വിജയ് പാൽ ഖാച്ചി, ആനിയിൽ നിന്ന് പരസ് റാം, നാചനിൽ നിന്ന് ലാൽ സിംഗ് കൗശൽ എന്നിവരാണ് ഇപ്പോൾ വിമത ഭീഷണിയുയർത്തുന്ന മുൻ കോൺഗ്രസ് നേതാക്കൾ. 

2017ൽ പോൾ ചെയ്ത വോട്ടുകളിൽ 48.8% ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 41.7% വോട്ടുകളാണ് ലഭിച്ചത്. ഇവിടെയാണ്, വിമതരുടെ സാന്നിധ്യം വെല്ലുവിളിയാകുന്നത്. ഇങ്ങനെ വിമതരായി രംഗത്തിറങ്ങിയിട്ടുള്ള ഓരോരുത്തർക്കും അവരവരുടെ നിയോജക മണ്ഡലത്തിൽ നിശ്ചിതമായ അനുയായികൾ ഉള്ളതിനാൽ, ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടായാൽ  പോൾ ചെയ്യുന്ന വോട്ടുകൾക്ക് തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യത്യാസം സൃഷ്ടിക്കാൻ കഴിയും. ഹിമാചലിലെ പകുതി സീറ്റുകളിലും അയ്യായിരത്തിൽ താഴെ വോട്ട് നേടിയാൽ വിമതർക്ക് തെരഞ്ഞെടുപ്പ ഫലത്തെ സ്വാധീനിക്കാനാകുമെന്നതാണ് ചരിത്രചിത്രം. 

ഹിമാചലിലെ ചില മണ്ഡലങ്ങളില്‍ ഗണ്യമായ വോട്ടുകളുണ്ടെങ്കിലും സിപിഐഎമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ വിജയം നേടാനായിട്ടില്ല.ഇക്കുറി പത്ത് മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങുക. ഹിമാചല്‍ പ്രദേശിലെ ഏക സിപിഐഎം എംഎല്‍എയായ രാകേഷ് സിൻഹാ വീണ്ടും തിയോഗ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

ALSO READ: കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും; സാധ്യമായതെല്ലാം ചെയ്യും..എല്ലാവരും ഒപ്പമുണ്ടാക‌ണം; ഖാർഗെ

ഹിമാചലിലെ ആപ്പിൾ കർഷകരുടെ വിഷയങ്ങൾ മുൻനിർത്തിയാണ് സിപിഎം പ്രചാരണം. ആംആദ്മി പാർട്ടി ഹിമാചലിൽ മത്സര രംഗത്തുണ്ടെങ്കിലും പ്രചാരണത്തിൽ കാര്യമായ മുന്നേറ്റം അവർ നടത്തുന്നില്ല. (എല്ലാം ശ്രദ്ധയും അവർ ഗുജറാത്തിലേക്കാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.)

ജനപ്രീതിയുടെയും അനുഭവസമ്പത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നയിക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സുഖ് വീന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രതിഭ സിംഗ് എന്നീ മുന്ന് മുതിർന്ന നേതാക്കളാണ് കോൺഗ്രസിനുള്ളത്. ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയാണ് പ്രതിഭ സിംഗ്. 

അന്തരിച്ച കോൺഗ്രസ് നേതാവും ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ ഭാര്യയാണ്. അതേസമയം ബിജെപി നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറിനെയാണ് ഉയർത്തിക്കാട്ടുന്നത്. ശക്തമായ രാഷ്ട്രീയ ബന്ധവും ആർഎസ്എസ് ബന്ധവുമാണ് ജയറാം താക്കൂറിന്റെ പിൻബലം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News